അഹോ! മഹത്തരം നീലകണ്‌ഠ വിശ്വരൂപം
പ്രതാപ് വി കെ
സീന്‍ 1
2000 നവംബര്‍ 30- ഡിസംബര്‍ 1. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ പാര്‍ക്ക് സ്റ്റേഡിയം. ദേശീയ ജനാരോഗ്യ സഭയുടെ വേദി. രാജ്യത്തിനകത്തും പുറത്തും നിന്നായി രണ്ടായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനം. കേരളത്തില്‍നിന്ന് 150ഓളം പ്രതിനിധികള്‍. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ യൂനിറ്റ് തല പ്രവര്‍ത്തകര്‍ മുതല്‍ അറിയപ്പെടുന്ന ശാസ്‌ത്രജ്ഞരും സാമൂഹ്യ പ്രവര്‍ത്തകരും വരെയുള്ളവര്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രതിനിധികളിലൊരാള്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര ബ്ലോക്കില്‍ നിന്ന്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകന്‍. അറിയപ്പെടുന്ന എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്‌ത്രജ്ഞനും കൂടിയാണ് ഇദ്ദേഹം. തൃക്കാക്കര ബ്ലോക്ക് ജനകീയാസൂത്രണ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ശാസ്‌ത്രജ്ഞന്‍ ഇന്ത്യയിലാദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ സഹകരണ ആശുപത്രിയുടെ സംഘാടനത്തെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ താത്‌പര്യപൂര്‍വം അദ്ദേഹത്തിന്റെ അവതരണം കേള്‍ക്കുന്നു, കേരള അനുഭവത്തെ പ്രോത്സാഹിപ്പിക്കുന്നു.
സീന്‍ 2
കൊല്‍ക്കത്തയിലെ ജനാരോഗ്യസഭയില്‍ പങ്കെടുത്ത കേരളത്തിലെ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നാട്ടിലേക്ക്. നാട്ടില്‍ നിന്ന് കൈ വായ്‌പ വാങ്ങിയും കുറി വിളിച്ചും സംഘടിപ്പിച്ച പണവുമായി കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയ സാദാ പരിഷത്ത് പ്രവര്‍ത്തകര്‍ മൂന്നാം ക്ലാസ് `കന്നാലി' കംപാര്‍ട്ട്‌മെന്റില്‍ പാട്ടുപാടിയും നാടകം കളിച്ചും ഉല്ലസിക്കുന്നു. അവര്‍ക്കിടയിലേക്ക് ട്രെയിനിലെ ഒന്നാം ക്ലാസ് എ സി കംപാര്‍ട്ട്‌മെന്റില്‍ നിന്നും അതേ ശാസ്‌ത്രജ്ഞന്‍ അവതരിക്കുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതകളെക്കുറിച്ചും ഇടതുപക്ഷത്തിന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ചും ശാസ്‌ത്രജ്ഞന്‍ വാചാലനാകുന്നു. പരിഷത്തുകാരുടെ ചെറിയ ചെവിയില്‍ അദ്ദേഹത്തിന്റെ വലിയ വര്‍ത്തമാനം. കേരള രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ശരിയായ നിലപാട് തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത, മുന്‍ എസ് എഫ് ഐ നേതാവ് കൂടിയായ ശാസ്‌ത്രജ്ഞന്‍ അടിവരയിട്ടു പറഞ്ഞു.
സീന്‍ 3
2001 സപ്‌തംബര്‍ മാസം. കോഴിക്കോട് ജില്ലയിലെ വടകര പട്ടണത്തിലെ ക്രൈസ്റ്റ് കോളജിന്റെ മൂന്നാം നിലയിലെ ക്ലാസ് മുറി. എഴുത്തിലും വായനയിലും തത്‌പരരായ 15 - 20 പ്രവര്‍ത്തകര്‍ വട്ടത്തിലിരിക്കുന്നു. സമകാലിക രാഷ്‌ട്രീയ - സാമൂഹിക പ്രശ്‌നങ്ങളാണവര്‍ ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്കിടയിലെ വിശിഷ്‌ടാതിഥി പഴയ ശാസ്‌ത്രജ്ഞന്‍. വടകരക്കടുത്ത് കുട്ടോത്ത് ആരംഭിക്കുന്ന സ്വാശ്രയ വേദിയുടെയും അവരുടെ സോപ്പ് നിര്‍മാണ യൂനിറ്റിന്റെയും ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഇദ്ദേഹത്തെ വടകരയിലേക്ക് ക്ഷണിച്ചത്. കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ അപചയത്തെക്കുറിച്ച് ചര്‍ച്ച കത്തിക്കയറുന്നു. ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ച് ഇടതുപക്ഷത്തിന്റെ `ഹെഗിമണി' നിലനിര്‍ത്തേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ച് ശാസ്‌ത്രജ്ഞന്‍ വാചാലനാകുന്നു. ഒരു യഥാര്‍ഥ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകനെ ഇത്തരമൊരു ചര്‍ച്ചയില്‍ മോഡറേറ്ററായി കിട്ടിയതില്‍ സംഘാടകര്‍ക്ക് അളവില്ലാത്ത സംതൃപ്‌തി. തുടര്‍ന്ന് കുട്ടോത്ത് നടന്ന പൊതുപരിപാടിയിലെ പ്രസംഗത്തിലും പ്രാദേശിക വികസനത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ഇടതുപക്ഷത്തിന്റെ ഗരിമയെക്കുറിച്ചും സ്വതസിദ്ധമായ വാഗ്‌പാടവത്തോടെ അദ്ദേഹം കത്തിക്കയറി. ജനകീയാസൂത്രണ പ്രസ്ഥാനത്തെക്കുറിച്ചും അത് കേരളത്തില്‍ സൃഷ്‌ടിക്കാന്‍ പോകുന്ന നിശ്ശബ്‌ദ വിപ്ലവത്തെക്കുറിച്ചും അദ്ദേഹം ആവേശഭരിതനായി.
സീന്‍ 4
2002 ഡിസംബറില്‍ പാണ്ടിക്കാട്ട് ഏറിയാട്ട് മനയില്‍ നമ്പൂതിരി സംഗമം അരങ്ങേറുന്നു. കേരളത്തിലെ നമ്പൂതിരി സമുദായം അനുഭവിക്കുന്ന സവിശേഷ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗം. 2002 ഡിസംബര്‍ 31ന്റെ കേരള കൗമുദി പത്രം പ്രസ്‌തുത സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിന്റെ ചിത്രം പ്രസിദ്ധീകരിച്ചു. നിലവിളക്ക് കൊളുത്തുന്ന കന്യകക്കു പിറകില്‍ നിര്‍ന്നിമേഷനായി, അഭിമാനപൂര്‍വം ഒരു നമ്പൂതിരി. അതെ, അദ്ദേഹം തന്നെ - കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും ആണവ ശാസ്‌ത്രജ്ഞനുമായ ജനകീയാസൂത്രണ കോ-ഓര്‍ഡിനേറ്റര്‍! നമ്പൂതിരി സമുദായത്തിന്റെ പുനരുദ്ധാരണത്തിലൂടെ ഇടതുപക്ഷത്തിന്റെ `ഹെഗിമണി' നിലനിര്‍ത്താനല്ല അദ്ദേഹം ഈ ചടങ്ങിനെത്തിയത്. `നമ്മുടെ അതിജീവനം - അടുത്ത ദശകത്തില്‍' എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കാനായിരുന്നു.
സീന്‍ 5
ഏതാനും സി പി എമ്മുകാരുടെ ഭീഷണിക്കു മുമ്പില്‍ എച്ചിലുമെടുത്ത് അവസാനിപ്പിക്കേണ്ടിവന്ന ചെങ്ങറ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 2008 ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ കൂടിച്ചേരല്‍. അവിടേക്കെത്തിയ `അണമുറിയാത്ത മനുഷ്യനിര'ക്ക് ഇതേ ശാസ്‌ത്രജ്ഞന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു: `ഈ ജീവന്മരണ പോരാട്ടം വിജയം വരിക്കുവോളം, എത്ര കഠിനമായ ക്ലേശങ്ങള്‍ നേരിടേണ്ടിവന്നാലും ഈ ജനമുന്നേറ്റത്തോടൊപ്പം നിലകൊള്ളും - സമരത്തിനെതിരായ അതിക്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കും....' ഭൂസമരത്തിന്റെ രണ്ടാം വാര്‍ഷിക സ്‌മരണികയില്‍ നമ്മുടെ ശാസ്‌ത്രജ്ഞന്‍ കുറിച്ചിടുന്നു - `കേരളത്തില്‍ അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒട്ടനവധി അബദ്ധ ധാരണകളെ ചോദ്യം ചെയ്യുന്ന സമരം കേവലം ദളിതരുടെ മാത്രം സമരമല്ല, സാമ്രാജ്യത്വത്തിനെതിരായ വര്‍ഗസമരം തന്നെയാണ്. മൂലധനവത്‌കരണത്തിനെതിരായ ഈ മഹത്തായ വര്‍ഗസമരം വിജയിക്കുക തന്നെ ചെയ്യും.' വിസ്‌താരഭയത്താല്‍ രംഗങ്ങള്‍ വെട്ടിച്ചുരുക്കുന്നു. ഈയുള്ളവന്‍ കണ്‍ഫ്യൂഷനിലാണ്. ശ്രീമാന്‍ നീലകണ്‌ഠന്‍ മഹാത്മാവേ, മുകളില്‍ കൊടുത്ത സീനുകളില്‍ ഏതിലാണ് അങ്ങയുടെ വിശ്വരൂപം! ആത്മഹത്യക്കായൊരുക്കിയ മണ്ണെണ്ണപ്പാത്രവും മരത്തില്‍ കെട്ടിയ കയറും പത്ത് സി പി എമ്മുകാരുടെ ഭീഷണി ഭയന്ന് ളാഹ ഗോപാലന്‍ വി എസിനും ഉമ്മന്‍ ചാണ്ടിക്കും മുമ്പില്‍ അടിയറ വെച്ചപ്പോള്‍ ആഗോളവത്‌കരണത്തിനെതിരെ വര്‍ഗസമരത്തിന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത അങ്ങയുടെ അവതാരത്തിന് കാത്തിരുന്നു... എല്ലാ അതിക്രമങ്ങളെയും എന്തു വില കൊടുത്തും ചെറുക്കണമെന്ന് ഉദ്‌ബോധിപ്പിച്ച അങ്ങ്, എച്ചിലുമായി നടന്നുനീങ്ങിയ ളാഹ ഗോപാലന്‍ ചെങ്ങറ സമരഭൂമിയിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്ന ഈയവസരത്തിലെങ്കിലും സമരത്തിന്റെ മുന്‍നിരയിലേക്ക് കുതിച്ചെത്തുമെന്ന് ആശിക്കുന്നു. സമരത്തിന്റെ പിന്നില്‍ സോളിഡാരിറ്റിയോ സാമ്രാജ്യത്വമോ എന്‍ ജി ഒകളോ ഉണ്ടെന്ന് വര്‍ഗശത്രുക്കള്‍ കവടി നിരത്തുന്നതിനെ പണ്ടും താങ്കള്‍ പരിഹസിച്ചിരുന്നത് അഭിമാനപുരസ്സരം ഓര്‍ക്കുകയാണ്. ജനകീയാസൂത്രണത്തിന്റെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തിരിക്കെ ഏതോ ഒരു പരിശീലന പരിപാടിയില്‍ താങ്കളുന്നയിച്ച ചോദ്യത്തിന് തോമസ് ഐസക്ക് ഉത്തരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് താങ്കള്‍ `ജനകീയാസൂത്രണ പരീക്ഷണങ്ങള്‍' അവസാനിപ്പിച്ച ചങ്കൂറ്റം ഒരഭിമുഖത്തില്‍ വായിച്ചതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ല. ജനകീയാസൂത്രണത്തിന്റെ വ്യതിരിക്തതയെക്കുറിച്ച് വാചാലനായ അങ്ങിപ്പോള്‍ പറയുന്നത് അഴിമതി സാര്‍വത്രികമാക്കിയ വേദിയായിരുന്നു ജനകീയാസൂത്രണമെന്നാണ്! മുമ്പൊരിക്കല്‍ ഭാഭാ ആണവ നിലയത്തില്‍ നിന്ന് താങ്കളെ പുറത്താക്കിയപ്പോള്‍ രാജ്യത്തിന് മഹാനായ ആണവ ശാസ്‌ത്രജ്ഞനെയാണ് നഷ്‌ടപ്പെട്ടതെന്ന അറിവ് താങ്കളുടെ നാവില്‍നിന്നുതന്നെ അറിഞ്ഞതിന്റെ ഞെട്ടലും മാറിവരുന്നേയുള്ളൂ.പിണറായി വിജയനെതിരായ വര്‍ഗസമരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അങ്ങ് യഥാര്‍ഥ വികസന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ഉണര്‍വും പകര്‍ന്ന് സമരതീക്ഷ്‌ണമായ മറ്റു രംഗങ്ങളില്‍ വന്നെത്തുന്നതിനെ ഈയുള്ളവന്‍ കാത്തിരിക്കുന്നു. കേരളത്തില്‍ മറ്റാര്‍ക്കും വേണ്ടാത്ത ഇടതുപക്ഷത്തിന്റെ `ഹെഗിമണി' പുലര്‍ന്നുകാണാന്‍ അങ്ങയുടെ തനി വിശ്വരൂപം പുറത്തെടുത്താലും. pratapperfect@gmail.com