2010, ജനുവരി 29, വെള്ളിയാഴ്‌ച

സ്വയം പുകഴ്‌ത്തലും ആരോപണങ്ങളും(2)
(2010 ജനുവരി 17 - സിറാജ്‌ ദിനപത്രം)
ഗുരുതരമായ ഒന്നുരണ്ട്‌ ആരോപണങ്ങളാണ്‌ നീലകണ്‌ഠന്‍ കേരളത്തിലെ സ്‌ത്രീ സ്വാശ്രയസംഘങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്‌. സ്‌ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയും സ്‌ത്രീകള്‍ നേരിടുന്ന ഇരട്ട ചൂഷണങ്ങള്‍ക്കെതിരെയും നീലകണ്‌ഠന്റെ തീപാറുന്ന പ്രഭാഷണങ്ങള്‍ കേട്ട്‌ കോരിത്തരിച്ച ആരും ഞെട്ടിത്തെറിക്കാന്‍ പോന്നവയാണ്‌ അവയില്‍ ചിലത്‌.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികളില്‍ സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌ അതാതിടങ്ങളിലെ സ്‌ത്രീ സ്വാശ്രയസംഘങ്ങളാണ്‌. കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ ഇപ്രകാരം സേവനമനുഷ്‌ഠിക്കുന്ന വനിതകളെ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇയ്യിടെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കി ബഹുമാനിക്കുകയുമുണ്ടായി. അന്നന്നത്തെ അന്നം വാങ്ങുന്നതിന്‌ മാന്യമായ തൊഴില്‍ ചെയ്‌തു ചെറുതല്ലാത്ത വരുമാനം നേടിക്കൊണ്ടിരിക്കുന്ന പലരും അഭിമാനപൂര്‍വം ചടങ്ങില്‍ പങ്കെടുത്ത്‌ കോര്‍പ്പറേഷന്‍ മേയറില്‍നിന്ന്‌ ഉപഹാരം ഏറ്റുവാങ്ങിയ വാര്‍ത്ത ചില പത്രങ്ങളില്‍ വന്നിരുന്നു. (എല്ലാ പത്രങ്ങള്‍ക്കും അതൊന്നും വാര്‍ത്തയാകില്ലെന്നത്‌ നമുക്കിന്നൊരു വാര്‍ത്തയല്ലല്ലോ!)
കേരളത്തിലാകെ ഇത്തരത്തില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു വനിതകളെയാകെ സി ആര്‍ നീലകണ്‌ഠന്‍ വിശേഷിപ്പിക്കുന്നതെങ്ങനെയെന്നു നോക്കൂ. `അതിസമ്പന്നരായ നഗരവാസികളുടെ മാലിന്യം പെറുക്കികളായ പുതിയ തരം തോട്ടികള്‍' എന്നാണ്‌ ആ മഹാനുഭാവന്റെ പദപ്രയോഗം. നീലകണ്‌ഠന്റെ ഭാര്യ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നും കുടുംബാംഗങ്ങള്‍ക്കുപോലും റെയില്‍വേയില്‍ എ സി കംപാര്‍ട്ട്‌മെന്റില്‍ ഇടക്കിടെ സൗജന്യ യാത്ര അനുവദിച്ചുകിട്ടുന്ന എല്‍ ടി സി സൗകര്യം ലഭിക്കുന്ന ഏതോ ഒരു മികച്ച ജോലിയാണവര്‍ക്കെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്നുതന്നെ നമ്മളറിഞ്ഞതാണ്‌. ഓരോ തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്ന്‌ ഇന്നാരെയും ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. ഉയര്‍ന്ന പദവികളില്‍ കനത്ത ശമ്പളം പറ്റുന്ന കേന്ദ്ര ജീവനക്കാരും ദിവസക്കൂലിയായി നൂറ്‌ രൂപ തികച്ചു കിട്ടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന സ്‌ത്രീ സ്വാശ്രയസംഘം പ്രവര്‍ത്തകരും - എല്ലാവരും ചെയ്യുന്നത്‌ മാന്യമായ തൊഴിലു തന്നെ. അങ്ങനെയിരിക്കെ അതിലൊരു വിഭാഗത്തെ മാലിന്യം പെറുക്കികളായ തോട്ടികളെന്ന്‌ വിളിച്ചധിക്ഷേപിക്കുന്നതിന്റെ യുക്തി അദ്ദേഹത്തിന്‌ മാത്രമേ അറിയൂ.
മറ്റൊരു പ്രയോഗം `വന്‍തോതില്‍ പണവ്യാപാരം നടത്തുന്ന ബ്ലേഡ്‌ കമ്പനികളാണ്‌ സ്‌ത്രീ സ്വാശ്രയസംഘങ്ങള്‍' എന്നതാണ്‌. `സമൂഹത്തില്‍ സൂക്ഷ്‌മമായി ഇടപെടുന്ന ഒരാളാണ്‌ ഞാന്‍... അതുകൊണ്ടുതന്നെ സമൂഹത്തില്‍ താഴെ തട്ടിലുള്ളത്‌ കാണാന്‍ എനിക്കു കഴിയുന്നു' എന്ന വ്യക്തിമികവ്‌ ലേഖനത്തിലൂടെ പരസ്യപ്പെടുത്തിയ അദ്ദേഹത്തിന്‌ സ്‌ത്രീ സ്വാശ്രയസംഘങ്ങളെയാകെ ബ്ലേഡ്‌ കമ്പനികളായി അധിക്ഷേപിക്കാന്‍ ധൈര്യം കിട്ടിയതെങ്ങനെയെന്ന്‌ അത്ഭുതമുണ്ട്‌. എഴുതുന്നതെന്തും പ്രസിദ്ധീകരിക്കാന്‍ ആഴ്‌ചപതിപ്പുകളും ദിനപത്രങ്ങളും മാസികകളും ചുറ്റും കാത്തുനില്‍ക്കുമ്പോള്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാതെ തരമില്ലല്ലോ. ഒരിക്കലെഴുതിയത്‌ രണ്ടാമതൊന്നു വായിക്കാന്‍ പോലും മിനക്കെടാതെ ഇത്തരം ഗീര്‍വാണങ്ങള്‍ എഴുന്നള്ളിക്കുന്നത്‌ മതിയാക്കണമെന്നു വിനയത്തോടെ പറയട്ടെ.
പഴയ സി പി എം കാരന്റെ പുതിയ ഏങ്ങലടി
പഴയ സി പി എമ്മുകാരൊക്കെ പുതിയ ഉള്‍വെളിച്ചം നേടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ത്രസിപ്പിക്കുന്ന ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങളുമൊക്കെ ഏറ്റുപറയുന്ന ഒരു പ്രത്യേക സാഹിത്യശാഖ തന്നെ കേരളത്തിലിന്നു വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌. അവക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ നല്ല ഡിമാന്‍ഡുമാണ്‌. ഏതാനും വര്‍ഷം മുമ്പുവരെ താനൊരു സി പി എം മെമ്പറായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ഏറെക്കാലം സി പി എം മെമ്പറായി പ്രവര്‍ത്തിച്ച നീലകണ്‌ഠന്‌ `പൊയ്‌മുഖങ്ങളെ തിരിച്ചറിയാന്‍' ഒരു ജനകീയാസൂത്രണം വരേണ്ടിവന്നു. സി പി എമ്മില്‍ ഈയടുത്ത കാലത്ത്‌ എത്തിച്ചേര്‍ന്ന കെ ടി കുഞ്ഞിക്കണ്ണനോട്‌ ദീര്‍ഘകാലം ആ പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ കനപ്പെട്ട ചോദ്യം അച്ചടിച്ചുവന്നിട്ടുണ്ട്‌: `സി പി എം അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണെന്നറിഞ്ഞിട്ടും ഇപ്പോഴതിനൊപ്പം ചേര്‍ന്നതിനു പിന്നിലെ ലക്ഷ്യം ഒരു നിയമസഭാ സീറ്റെങ്കിലും നേട'ലല്ലേ എന്നതാണത്‌. നീലകണ്‌ഠന്‍ സി പി എമ്മില്‍ നിന്നിറങ്ങി, കെ ടി കുഞ്ഞിക്കണ്ണന്‍ സി പി എമ്മിനോടു ചേര്‍ന്നു - അതിലൊന്നു മാത്രം `നേടാനുള്ള ലക്ഷ്യ' മാകുന്നതെങ്ങനെയെന്ന്‌ മനസ്സിലാകുന്നില്ല.
വി എസ്‌ ഇപ്പോഴും ധീരനാണെന്ന്‌ മാതൃഭൂമി വാരികയിലും (2009 ഡിസം. 20), ആഗോള മൂലധനത്തിനു രാജ്യത്തിന്റെ ആസ്‌തി വില്‍ക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച്‌ ഗള്‍ഫ്‌ രിസാലയിലും (2009 ജൂണ്‍ 1) സി ആര്‍ നീലകണ്‌ഠന്‍ എഴുതിയ ലേഖനങ്ങള്‍ `യഥാര്‍ഥ' ഇടതുപക്ഷത്തിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പാണല്ലോ സൂചിപ്പിക്കുന്നത്‌. കേരള രാഷ്‌ട്രീയത്തില്‍ ഇടതു നിലപാടിന്‌ മേല്‍ക്കൈ വേണമെന്ന്‌ ഇന്നും വിശ്വസിക്കുന്നുവെന്നും പക്ഷേ അത്‌ എല്‍ ഡി എഫ്‌ അല്ലെന്നും മറുപടി ലേഖനങ്ങളില്‍ ആണയിട്ടു പറഞ്ഞ സ്ഥിതിക്ക്‌ ഭാവിയില്‍ (കുറഞ്ഞപക്ഷം പിണറായി വിജയന്റെ കാലശേഷമെങ്കിലും) അദ്ദേഹം നിലപാട്‌ വീണ്ടും മാറ്റുമെന്നു നമുക്ക്‌ കാത്തിരിക്കാം.
വ്യക്തിമികവും അധിക്ഷേപവും
അഞ്ചു ലക്കങ്ങളായി വന്ന ലേഖനങ്ങളില്‍ പലേടങ്ങളിലും നീലകണ്‌ഠന്‍ അദ്ദേഹത്തിന്റെ വ്യക്തി മികവ്‌ അഭിമാനപൂര്‍വം അടയാളപ്പെടുത്തിയിട്ടുണ്ട്‌. `എല്ലാ വിഭാഗം അണികളോടും സംസാരിക്കാന്‍ കഴിയുന്ന ഭാഷ' കൈവശമുള്ളയാളാണെന്നും `സ്വന്തം അധ്വാനത്തിന്റെ കൂലികൊണ്ട്‌ സമരങ്ങളുടെ ശരിയായ വര്‍ഗരാഷ്‌ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്ന' ആളാണെന്നും `സാധാരണ ട്രെയിനിലും ബസ്സിലും സഞ്ചരിക്കുന്ന' ആളാണെന്നും `പാര്‍ട്ടി കണ്ണില്‍ക്കൂടെയല്ലാതെ കാണാന്‍ കഴിയുന്ന' ആളാണെന്നും - തുടങ്ങി അനേകം സവിശേഷതകള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്‌. അതിനെയൊക്കെ മാനിക്കുന്നു. നീലകണ്‌ഠന്‍ ഇങ്ങനെയൊക്കെയാണെന്നു മുമ്പുതന്നെ എനിക്കറിയാവുന്നതുമാണ്‌. അദ്ദേഹത്തില്‍നിന്നുതന്നെ അത്‌ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടുതാനും. ഈ ഗുണവിശേഷങ്ങള്‍ ഉള്ള അപൂര്‍വ ജന്മങ്ങള്‍ എനിക്കറിയാവുന്നവര്‍തന്നെ നൂറുകണക്കിനുണ്ട്‌. അതില്‍ പുതുമയൊന്നുമില്ല. പക്ഷെ, യോജിക്കാന്‍ കഴിയാത്ത മറ്റനേകം പ്രയോഗങ്ങള്‍ ലേഖനത്തിലാകെ പരന്നു കിടക്കുന്നു. `രാജ്യത്തിനു മഹാനായ ശാസ്‌ത്രജ്ഞനെ നഷ്‌ടപ്പെട്ടു എന്നു പറഞ്ഞത്‌ ഞാനല്ല, പ്രതാപിനോളം ആണവശാസ്‌ത്രത്തില്‍ ജ്ഞാനിയല്ലായിരുന്ന ഡോ. രാജാ രാമണ്ണയാണിത്‌ പറഞ്ഞത്‌' എന്നദ്ദേഹത്തിന്റെ ലേഖനത്തിനൊടുവില്‍ പറഞ്ഞിരിക്കുന്നു. പരിഹാസത്തിന്റെ ഭാഷ കൈവശമില്ലാത്തയാളില്‍ നിന്നും അങ്ങനെയൊന്നു വരാനിടയില്ലല്ലോ. പ്രതാപിനെ അപഹസിക്കുന്നതും മഹാശാസ്‌ത്രജ്ഞനായ രാജാ രാമണ്ണയെ പ്രകീര്‍ത്തിക്കുന്നതും ഒരു വാചകത്തില്‍ തന്നെ നിര്‍വഹിക്കാന്‍ കാണിച്ച സാഹസം കടന്ന കൈ ആയിപ്പോയി എന്നുമാത്രം ഉണര്‍ത്തിക്കട്ടെ.
ഒമ്പതു ഖണ്ഡികകളടങ്ങിയ ഒന്നര പേജുള്ള ഒരു പ്രതികരണത്തിന്‌ അഞ്ചുദിവസം നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന ഒരു ഉടന്‍ പ്രതികരണത്തിലൂടെ മറുപടി കിട്ടിയത്‌ അഭിമാനമായി കരുതുന്നു. കുംഭകര്‍ണനെപ്പോലെ (ബൗദ്ധികമായി) ഉറങ്ങിക്കിടക്കുന്ന ഒരു കൊടിയേറ്റം ഗോപിയുടെ സന്ദേഹങ്ങളെ അര്‍ഹിക്കുന്നതിലധികം പ്രാധാന്യത്തോടെ പരിഗണിച്ചതിനു പ്രത്യേകം നന്ദിപറയുന്നു. മറ്റാര്‍ക്കും വേണ്ടാത്ത നീലകണ്‌ഠന്റെ യഥാര്‍ഥ വിശ്വരൂപം തേടിയുള്ള അന്വേഷണങ്ങള്‍ നിര്‍ത്താതെ തുടരാനുള്ള ആത്മവിശ്വാസം പകര്‍ന്നുതന്ന ലേഖന പരമ്പരക്ക്‌ ഒരിക്കല്‍കൂടി ഭാവുകങ്ങള്‍.
അവസാന മൊഴി:
വി കെ പ്രതാപിനുള്ള മറുപടിയില്‍ നാല്‍പതോളം പ്രാവശ്യം ആ പേര്‌ ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. കുറേക്കൂടി ഒതുക്കമുള്ള ഭാഷ ലേഖനത്തിലെങ്കിലും സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ അപേക്ഷ. എഴുത്തിലെങ്കിലും അങ്ങയെ മാതൃകയാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവരെ വഴിതെറ്റിക്കരുതല്ലോ.
(അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ