മാ നിഷാദ....
(1995 ഏപ്രില്‍ മാസത്തില്‍ ഐക്യകേരള കലാസമിതി ഗ്രന്ഥാലയം 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്
പുറത്തിറക്കിയ `പുലരി-05' കയ്യെഴുത്തു സ്‌മരണികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)
``.... ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.... പ്രകാശം ഉണ്ടാകട്ടെ - ദൈവം അരുളിച്ചെയ്‌തു. തൃണങ്ങളും വിത്തുകളും ഉണ്ടാക്കുന്ന സസ്യങ്ങളും വിത്തുകനികള്‍ പുറപ്പെടുവിക്കുന്ന ഫലവൃക്ഷങ്ങളും ഭൂമി മുളപ്പിക്കട്ടെ.... ജലങ്ങള്‍ ജീവജാലങ്ങളെക്കൊണ്ട് നിറയുകയും പക്ഷികള്‍ ഭൂമിക്കു മുകളില്‍ ആകാശ മണ്ഡലത്തിന്‍ കീഴില്‍ പറന്നു നടക്കുകയും ചെയ്യട്ടെ..... ദൈവം മനുഷ്യരെ അനുഗ്രഹിച്ചു: പെരുകി വര്‍ധിക്കുവിന്‍ - ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ - മത്സ്യങ്ങളുടെയും പക്ഷികളുടെയും കന്നുകാലികളുടെയും ഇഴയുന്ന ജന്തുക്കളുടെയും മേല്‍ ആധിപത്യം വഹിക്കുവിന്‍....''
മനുഷ്യന്‍ എന്ന ജീവസമൂഹം ഭൂമിയില്‍ ഉടലെടുക്കാനിടയായ സാഹചര്യം സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തില്‍ വിവരിക്കപ്പെട്ട ചില ഭാഗങ്ങളാണ് മുകളില്‍ ചേര്‍ത്തത്. ശക്തനായ മനുഷ്യന്റെ ഭൂമിയിലേക്കുള്ള `ആഗമനം' ഒട്ടൊക്കെ നാടകീയമായി വിവരിക്കപ്പെട്ട ഈ ഭാഗത്തിന്റെ ശാസ്‌ത്രീതയെ സംബന്ധിച്ച് ആര്‍ക്കെങ്കിലും സംശയം ഉളവാകുന്നത് സ്വാഭാവികം മാത്രം. പ്രപഞ്ചത്തിലെ മനുഷ്യനൊഴികെയുള്ള സര്‍വ ചരാചരങ്ങളും അവന്റെ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി ദൈവം സൃഷ്‌ടിച്ചതെന്നാണ് ഇതിലെ വിവക്ഷ.
പ്രപഞ്ചത്തിലെ മനുഷ്യന്റെ `സ്ഥാനം' എവിടെയെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടും സര്‍വശക്തനായ മനുഷ്യന് അടിമപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് അവന്റെ സഹജീവികളും പരിസരവും എന്ന് മൂഢമായി വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. ഭക്ഷണ സമ്പാദനത്തിനുപോലും ഏറെ കഷ്‌ടപ്പെടേണ്ടിവന്ന ആദിമ മനുഷ്യനില്‍നിന്നും ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പരിഷ്‌കൃത മാനവനിലേക്ക് വളര്‍ന്ന ചരിത്രം, ശരിയായ രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് കഴിഞ്ഞതിന്റേതാണ്. പക്ഷെ ഈ യാത്രക്കിടയില്‍ പരിസരത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് ഏറെ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതിന്റെ ഒരു തെളിവാണ് രൂക്ഷമായ ഇന്നത്തെ പരിസര മലിനീകരണ പ്രശ്‌നം.
ഭൂമിയില്‍ ഇന്നു നിലനില്‍ക്കുന്ന രീതിയിലുള്ള ലോലമായ പ്രകൃതി സന്തുലനത്തെപ്പോലും അട്ടിമറിക്കാനുതകുന്ന തരത്തില്‍ ഭീഷണമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു മലിനീകരണ പ്രശ്‌നം. ഏതുതരം വികസന പ്രക്രിയയുടെയും അനിവാര്യമായ അനന്തരഫലങ്ങളാണ് ഇത്തരം മലിനീകരണ പ്രശ്‌നങ്ങള്‍ എന്ന വാദമുയര്‍ത്തിക്കൊണ്ട് നാം തന്നെ കഴുത്തിലെ കയറിന്റെ കുരുക്ക് കൂടുതല്‍ മുറുക്കിക്കൊണ്ടിരിക്കുന്നു. വാദിച്ചുനില്‍ക്കാന്‍പോലും ഏറെ സമയമില്ലെന്ന യാഥാര്‍ഥ്യത്തിലെത്താന്‍ പര്യാപ്‌തമായതിലും ഭീകരമാണ് പരിസര മലിനീകരണ തോതിന്റെ ഇന്നത്തെ അവസ്ഥ.
മലിനീകരണ പ്രശ്‌നങ്ങള്‍ നിരവധിയാണ് - അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, ശബ്‌ദ മലിനീകരണം... തുടങ്ങി പട്ടിക നീളുന്നു. ഇതിലേറ്റവും സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയാണ് അന്തരീക്ഷ മലിനീകരണം. കാര്‍ബണ്‍ഡയോക്‌സൈഡ് വാതകത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചുവരുന്നത് രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഓക്‌സിജന്‍ - കാര്‍ബണ്‍ഡയോക്‌സൈഡ് സന്തുലനമാകെ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു. മീഥേന്‍, നൈട്രസ് - നൈട്രിക് ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങളുടെയും അന്തരീക്ഷത്തിലെ വര്‍ധിച്ച ആധിക്യം അപകടാവസ്ഥ അടുത്തെത്തിയെന്ന് വിളിച്ചറിയിക്കുന്നു. ഇത്തരം വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്നത് ഹരിതാലയ പ്രഭാവം (ഗ്രീന്‍ഹൗസ് ഇഫക്‌ട്) എന്ന അപകടാവസ്ഥയ്‌ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നു.
കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയുടെ ശരാശരി താപനില ഏകദേശം 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത 50 - 100 വര്‍ഷങ്ങള്‍ കൊണ്ടാകട്ടെ അത് 2 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ വര്‍ധിച്ചേക്കാം! അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന അപകടാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പെട്രോള്‍, ഡീസല്‍, കല്‍ക്കരി മുതലായ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന വാതകങ്ങളിലെ ഏറിയ പങ്കും ഈ പ്രക്രിയക്ക് ആക്കം കൂട്ടുകയാണ്. താപനില ഉയരുന്നതുമൂലം കൂടുതല്‍ സമുദ്രജലം ബാഷ്‌പമാകുന്നതിനാല്‍ കൂടുതല്‍ മേഘങ്ങളുണ്ടാകുകയും കൂടുതല്‍ മഴ പെയ്യുകയും ചെയ്യും. കൂടാതെ ധ്രുവപ്രദേശത്തെ ഐസ് പാളികള്‍ ഉരുകുന്നതുമൂലം ഫലഭൂയിഷ്‌ഠമായ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായേക്കാം. ഇതുമൂലം അടുത്ത 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക അഭയാര്‍ഥികള്‍ അഞ്ച് കോടിയായിരിക്കുമെന്ന കണക്കുമതി ഈ പ്രശ്‌നത്തിന്റെ രൂക്ഷത വെളിവാക്കാന്‍. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ മുപ്പതു ശതമാനത്തോളം ഭാഗം വെള്ളത്തിനടിയിലായേക്കാമെന്ന ഭീതിദമായ ഒരു സൂചനയും പാരിസ്ഥിതിക വിദഗ്‌ധന്മാര്‍ നല്‍കുന്നു.
ഭൂമിക്കുമേലുള്ള വാതക അടുക്കായ ഓസോണ്‍ പാളിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗണ്യമായ കുറവാണ് മറ്റൊരു ഭവിഷ്യത്ത്. സൂര്യനില്‍നിന്ന് പുറപ്പെടുന്ന അപകടകാരികളായ അള്‍ട്രാ വയലറ്റ് വികിരണങ്ങളെ ഭൂമിയിലേക്ക് കടത്തിവിടാതെ ഒരു സംരക്ഷണാവരണമായി പ്രവര്‍ത്തിച്ചുവരുന്ന ഓസോണ്‍ പാളിക്ക് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് മുകളിലായി ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നതായി ആദ്യമായി കണ്ടെത്തിയത് 1985ലാണ്. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ഒരുപോലെ ദോഷകരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ത്വക്കില്‍ ക്യാന്‍സര്‍ രോഗം ഉണ്ടാക്കിയേക്കാം. `മെലനോമ' എന്ന രോഗബാധയ്‌ക്കും കാരണം ഇത്തരം വികിരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ (സി എഫ് സി) എന്ന രാസവസ്‌തുവാണ് ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന പ്രധാന വില്ലന്‍. കൂടെ നൈട്രിക് - നൈട്രസ് ഓക്‌സൈഡുകള്‍, ക്ലോറിന്‍ എന്നിവയും. വ്യവസായ മലിനീകരണത്തിന്റെ ഭാഗമായാണ് ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലായി കലരുന്നത്. പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് 2075ന് മുമ്പ് ജനിക്കുന്ന അമേരിക്കയിലെ വെള്ളക്കാര്‍ക്കിടയില്‍ മാത്രം 1,26,000 പേര്‍ക്ക് `മെലനോമ' രോഗം പിടിപെടും... തന്മൂലം 30,000 പേരെങ്കിലും മരിച്ചേക്കാം. മനുഷ്യര്‍ക്കുള്ള പ്രതിരക്ഷാ സംവിധാനത്തില്‍ കാര്യമായ കുറവ് സംഭവിക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലോകത്താകെ പടര്‍ന്നുപിടിക്കാനും സാധ്യതകള്‍ ഏറിവരികയാണത്രെ.
സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് മുതലായ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലായി കലരുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ല മഴയാണ് മറ്റൊരപകടം. സള്‍ഫ്യൂറിക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും ചെറു കണികകള്‍ മഴയായി പെയ്യുന്നതാണ് ഈ വിചിത്ര പ്രതിഭാസം. വ്യവസായവല്‍ക്കരണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലും മധ്യ യൂറോപ്പിലും മറ്റും അമ്ല മഴകള്‍ ഒരു പുതുവാര്‍ത്തയല്ലാതായിരിക്കുന്നു. 1980കളില്‍ പശ്ചിമ ജര്‍മനിയിലെ വൃക്ഷങ്ങളില്‍ മൂന്നിലൊന്ന് അമ്ല മഴ കാരണം നശിച്ചുപോകാനിടയായി.
വിഷവാതകങ്ങളടങ്ങിയ പുക മൂടല്‍മഞ്ഞുമായി ചേര്‍ന്ന് പുകമഞ്ഞ് (സ്‌മോഗ്) രൂപപ്പെടുന്ന പ്രതിഭാസവും പുതിയ അപകടമായി രംഗത്തെത്തിയിരിക്കുന്നു. ലണ്ടനില്‍ 1952ല്‍ നാലായിരത്തോളം പേര്‍ ഇത്തരമൊരപകടത്തില്‍ പെട്ട് മരണമടഞ്ഞു. ഇന്ത്യയില്‍ ഡല്‍ഹി നഗരത്തില്‍ ചെറിയ തോതില്‍ പുകമഞ്ഞ് പ്രത്യക്ഷപ്പെട്ട വിവരം ഏതാനും മാസം മുമ്പ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
നാള്‍ ചെല്ലുന്തോറും വന്‍തോതില്‍ വര്‍ധിച്ചുവരുന്ന ജലമലിനീകരണമാണ് മറ്റൊരു പ്രശ്‌നം. വ്യവസായശാലയില്‍നിന്നും നിര്‍ഗമിക്കുന്ന വിഷവസ്‌തുക്കള്‍ ചാലിയാറിനെ മലിനമാക്കുന്നതിനിടയാക്കിയതും സമീപ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ അത് ബാധിച്ചതും കേരളത്തിലെ ഒരനുഭവമാണ്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലവണങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയടങ്ങിയ രാസവസ്‌തുക്കള്‍ പുഴയിലും കടലിലും കലരുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്. ഈയിടെ നടന്ന ഗള്‍ഫ് യുദ്ധവേളയില്‍ വന്‍തോതില്‍ ജലമലിനീകരണത്തിനിടയാക്കിക്കൊണ്ട് എണ്ണ കടലിലേക്കൊഴുക്കിയത് മുഖേനയുണ്ടായ പ്രശ്‌നങ്ങള്‍ പത്രമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നുവല്ലോ - ലോകത്തിലാകെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്ണോളം എണ്ണ കടലിലേക്കൊഴുകുന്നുണ്ടത്രെ. വിഷകരമായ രാസവസ്‌തുക്കള്‍ കായലിലും പുഴയിലും മറ്റും കലരുന്നത് ഇതിനേക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു. ഡി ഡി ടി മുതലായ കീടനാശിനികളുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുകയാണ്. 1956ല്‍ ജപ്പാനിലെ നഗരപ്രാന്തങ്ങളില്‍ പിടിപെട്ട `മീനമാതാ' രോഗം ഇതിന് ഒരുദാഹരണം മാത്രം. മെര്‍ക്കുറി (രസം)യുടെ കാര്‍ബണിക സംയുക്തങ്ങള്‍ മൂലമുള്ള വിഷബാധ ആദ്യം മത്സ്യങ്ങളെയും പക്ഷികളെയും ക്രമേണ മനുഷ്യനെയും പിടികൂടി. ഒട്ടേറെ ജീവനപഹരിച്ച ഈ രോഗം, ഇന്നും അവിടെ പിറക്കുന്ന ശിശുക്കളെ ബുദ്ധിവൈകല്യമുള്ളവരാക്കിക്കൊണ്ട് സംഹാരതാണ്ഡവം തുടരുകയാണത്രെ. കുറെയൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും രോഗത്തിനുള്ള പ്രതിവിധി കണ്ടെത്താന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.
ശബ്‌ദമലിനീകരണം, അണുപ്രസരണ മലിനീകരണം തുടങ്ങിയവയും കൂടുതല്‍ കൂടുതല്‍ രൂക്ഷമായ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നു. അണു വിസ്‌ഫോടന പരീക്ഷണങ്ങളും അണുവൈദ്യുത നിലയങ്ങളിലുണ്ടാകാവുന്ന അപകടങ്ങളും വന്‍തോതില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്‌തമായവയാണ്. ഒരര്‍ഥത്തില്‍, മറ്റെല്ലാ മലിനീകരണ പ്രശ്‌നങ്ങളെയും കടത്തിവെട്ടാന്‍ കെല്‌പുള്ളയത്രയും മാരകമായ പ്രഹരശേഷിയാണ് വികിരണങ്ങള്‍ മൂലമുള്ള മലിനീകരണത്തിനുള്ളത്. നിമിഷനേരം കൊണ്ട് ഭൂലോകത്തിന്റെ മുഖമാകെ വികൃതമാക്കാന്‍ ശേഷിയുള്ള അണുവികിരണങ്ങള്‍ മുഖേനയുണ്ടാകുന്ന മലിനീകരണങ്ങള്‍ വ്യാപകവും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതുമാണ്.
പ്രകൃതിയെ `ബോധപൂര്‍വം' ചൂഷണം ചെയ്‌ത് ജീവിക്കാന്‍ തയ്യാറാകേണ്ട മനുഷ്യന്‍, കയ്യും കണക്കുമില്ലാതെ പ്രകൃതിയുടെ മേല്‍ കൈയേറ്റം നടത്തുന്നതിന്റെ ഉത്തമദൃഷ്‌ടാന്തങ്ങളാണ് ഇത്തരം മലിനീകരണ പ്രശ്‌നങ്ങളെല്ലാം. പ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ഒരു നക്ഷത്ര സമൂഹത്തിലെ ഒരു ചെറുനക്ഷത്രമായ സൂര്യന്റെ അനേകം ഗ്രഹങ്ങളിലൊന്നു മാത്രമാണ് ഭൂമി. ആ ഭൂമിയിലെ അനേകം അന്തേവാസികളില്‍ ഒരാള്‍ മാത്രമായ മനുഷ്യന്‍ ഈ പ്രപഞ്ചത്തിന്റെ ഉടമകളാണെന്ന പമ്പര വിഡ്‌ഢിത്തം മനസ്സില്‍ കൊണ്ടുനടക്കുന്നതുതന്നെ, സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്.
ഇരുന്ന കൊമ്പ് മുറിക്കുന്ന മൂഢവിശ്വാസം തനിക്കുപോലും ഗുണം ചെയ്യില്ലെന്ന യാഥാര്‍ഥ്യം എത്രയും പെട്ടെന്ന് മനസ്സിലാക്കുന്നത് നമുക്കുതന്നെ നല്ലത്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് 450 ഇനം ജീവജാലങ്ങളുടെ വംശനാശത്തിന് കാരണക്കാരനായ മനുഷ്യന്‍, അതു പോരാഞ്ഞ് സ്വന്തം വര്‍ഗത്തെതന്നെ കുഴിച്ചുമൂടാന്‍ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നു. പെറ്റമ്മയെ ചുട്ടുകൊല്ലുന്ന ഈ നീചവൃത്തിയെ ചോദ്യം ചെയ്യാനും, ഇന്ന് ലഭ്യമായ ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് തടയിടാനും തുനിയേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടിയന്തരവും അത്യാവശ്യവുമായ കടമയാണെന്ന് നാമോരുത്തരും മനസ്സിലാക്കേണ്ടിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് കണ്ടു. കൂടുതല്‍ എഴുതൂ
മറുപടിഇല്ലാതാക്കൂമറ്റു ബ്ലോഗി ഫോളോ ചെയ്യൂ
ആനന്ദ്
anandkumarck@gmail.com