1948-2010: ഒരു റാഞ്ചല്‍ നാടകത്തിന്റെ പരിസമാപ്‌തി
പ്രതാപ് വി കെ
(2010 ഫെബ്രുവരി 4 വ്യാഴം - സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.)
പാവം മോഹന്‍ദാസ്. എന്തൊരു നല്ല മനുഷ്യനായിരുന്നു. അച്ഛന്‍ അഞ്ചാം തരം വരെയേ പഠിച്ചിരുന്നുള്ളൂവെങ്കിലും ഒന്നിലധികം വിവാഹം കഴിക്കാന്‍ ധൈര്യം കാണിച്ച മഹാനായിരുന്നു. അവസാനത്തെ കുടിയിലായിരുന്നു മോഹന്‍ദാസ് പിറന്നത്. നല്ല പൂത്ത പൈസ വീട്ടിലുണ്ടായിരുന്നതുകൊണ്ട് എല്ലാ ആഴ്‌ചയിലും റേഷന്‍ കാര്‍ഡില്‍ വര വീണിരുന്നു. മോഹന്‍ദാസ് വിദേശത്തായിരുന്നു കുറേക്കാലം. കുടുംബം പോറ്റാനൊന്നുമല്ല ഫോറിനില്‍ പോയത്. പഠിക്കാനെന്നുപറഞ്ഞു പോയി. വെറുതേ ഒരു ചെയ്‌ഞ്ചിന്.
മോഹന്‍ദാസ് ചെറുപ്പത്തിലേ പരസഹായിയും പൊതുജന സേവകനുമായിരുന്നു. പച്ചവെള്ളം ചവച്ചു കുടിക്കലായിരുന്നു പ്രധാന ഹോബി. ഇപ്പോള്‍ നാട്ടിലുള്ള പൊതുജന സേവകരെല്ലാം നാട്ടുകാരെ സേവിച്ചുകഴിഞ്ഞാണ് അവസാനം ഗതിപിടിക്കാതെ ഫോറിനില്‍ പോകുന്നത്. നേരെ തിരിച്ചായിരുന്നു നമ്മുടെ മോഹന്‍ദാസ്. വിദേശവാസം കഴിഞ്ഞുവന്നാണ് നാട്ടുകാരുടെ കണ്ണിലെ ഒരു ഉണ്ണിയായത്.
എന്നിട്ടെന്തുണ്ടായി! ഒരു സുപ്രഭാതത്തില്‍ കണ്ണില്‍ ചോരയും നീരുമില്ലാത്ത ഒരു നീചന്‍ മോഹന്‍ദാസിനെ കശാപ്പ് ചെയ്‌തു. മരിച്ചുവീഴുമ്പോള്‍ അദ്ദേഹം `ഹേ റാം' എന്ന് ഉരുവിട്ടതായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ച് തുമ്പുണ്ടാകുമെന്ന് കണ്ടപ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചുവാങ്ങി കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്. രാമനാഥനാണ് മോഹന്‍ദാസിനെ സ്വര്‍ഗത്തിലേക്കയച്ചതെങ്കിലും എന്‍ ഐ എ, ഏറെക്കാലം ചിന്തിനോക്കിയപ്പോഴാണ് രാമനാഥന്‍ (നാഥരാമന്‍) ഒറ്റക്കല്ല ആ നീചകൃത്യം ചെയ്‌തതെന്നു കണ്ടെത്തിയത്. കൂടെ അഞ്ചെട്ടുപേര്‍ ഉണ്ടായിരുന്നത്രെ. പക്ഷെ ഗുണ്ടാപ്പണത്തിന്റെ ചെക്ക് കൈപ്പറ്റിയത് രാമനാഥനായതുകൊണ്ട് അവന്റെ പേരിലാണ് കേസ് ചാര്‍ജായത്. അതാണ് എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ കോടതിയില്‍ വിചാരണക്കു വന്നിരിക്കുന്നത്.
എന്തൊരു തിരക്കായിരുന്നു എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍. ജംഗ്‌ഷന്‍ കടന്നു മലബാര്‍ ഹോസ്‌പിറ്റലിന്റെ മുന്നില്‍നിന്നുപോലും നാട്ടുകാര്‍ ഏന്തിനോക്കുന്നുണ്ടായിരുന്നു. ഇങ്ങ് പെട്രോള്‍ പമ്പ് വരെ റോഡ്‌സൈഡ് നിബിഡമായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് മാറാട് കേസ് വിചാരണക്കെടുത്തപ്പോള്‍ പോലും ഇത്ര തിരക്കില്ലായിരുന്നു. ആള്‍ക്കൂട്ടമെന്നു പറഞ്ഞാല്‍ തൃശൂര്‍പൂരം ബേക്കില്‍ നില്‍ക്കണം. ആദ്യാവസാനമുള്ള സീനുകള്‍ ഒപ്പിയെടുക്കാന്‍ സകലമാന ചാനലുകളും പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പുതന്നെ കുടകള്‍ നിവര്‍ത്തിവെച്ചിരുന്നു. എന്തൊക്കെയോ ചിലത് ഇന്നവിടെ നടക്കുമെന്നുള്ള ക്ലൂ ആരൊക്കെയോ മൊബൈലില്‍ എസ് എം എസായി അവര്‍ക്കെത്തിച്ചെന്നു ചാനല്‍ ശിങ്കങ്ങളുടെ ജറൂറ് കണ്ടാലറിയാം.
സമയം പത്തേമുക്കാല്‍ കഴിഞ്ഞേയുള്ളൂ. സൂര്യന്‍ തലക്കു മുകളിലേക്കെത്താന്‍ ടിക്കറ്റെടുത്തേയുള്ളൂ. അപ്പോഴേക്കും ജനം തിങ്ങിത്തിങ്ങി വരുന്ന കാഴ്‌ച സിറ്റി ബസ്സില്‍ പോകുന്നവര്‍ കണ്ടു കണ്ണില്‍ വിരല്‍വെക്കുന്നുണ്ടായിരുന്നു.
മാധ്യമശിങ്കങ്ങള്‍ ടെസ്റ്റിങ്ങിനായി ആകാശത്തേക്കെറിഞ്ഞ മണല്‍ത്തരികള്‍ ഒന്നുപോലും നിലത്തുവീഴാതെ ആളുകളുടെ തൊപ്പിയിലും കഷണ്ടിയിലും ഡൈ ചെയ്‌ത മുടിയിലും പറ്റിപ്പിടിച്ചുനിന്നു. രംഗമാകെ ലൈവായി പകര്‍ത്തിയെടുക്കാന്‍ ക്യാമറകള്‍ ഓണ്യുവര്‍ മാര്‍ച്ചായി നിരന്നുനില്‍ക്കുന്നുണ്ടായിരുന്നു.
അതാ ഹോണടി.... രാമനാഥനെയും കൊണ്ട് പോലീസ് സ്‌പെഷല്‍ കോടതിമുറ്റത്തേക്കു കുതിച്ചുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ ആകാംക്ഷാഭരിതരുടെ തിരക്ക് കാരണം കോര്‍ട്ട് തൊടാന്‍ കഴിയുന്നില്ല. കോടതി മുറ്റത്താകെ ഉദ്വേഗം തളം കെട്ടി നിന്നതിനാല്‍ അതില്‍ ചവിട്ടാതെ (വി കെ എന്നിനോട് കടപ്പാട്) രാമനാഥനെ ഒരു വിധേന പോലീസും പൂച്ചകളും ചേര്‍ന്നു കോര്‍ട്ടിനകത്താക്കി കതകടച്ചു.
പുറത്തെ കുടക്കാര്‍ തെക്കും വടക്കും പിന്നെ സൂര്യനെയും മേഘത്തെയും ഇടവിടാതെ ഒപ്പിയെടുത്തു ലക്ഷക്കണക്കിനു വീടുകളിലേക്ക് ആകാശം വഴി പറഞ്ഞയച്ചു കേബിള്‍ വാടക മുടങ്ങാതെ ഈടാക്കുന്നുണ്ടായിരുന്നു. അകത്ത് വിചാരണ തുടങ്ങിയെന്നു പുറത്തെ നെടുവീര്‍പ്പില്‍നിന്നു മണത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. തൂക്കിക്കൊല്ലാനാണ് സാധ്യതയെന്നു ബേപ്പൂരില്‍ നിന്നു വന്നവര്‍ പറഞ്ഞപ്പോള്‍, വെള്ളയില്‍ നിന്നുവന്നവര്‍ക്കു വെറുതെ വിടുമെന്ന അഭിപ്രായമായിരുന്നു. നാര്‍ക്കോ അനാലിസിസിനു പറഞ്ഞയക്കുമെന്നായി മാളിക്കടവില്‍ നിന്നെത്തിയവര്‍. എന്തായാലും കാത്തത്ര കാക്കണ്ടല്ലോ എന്നു പറഞ്ഞു വടക്കുനിന്നു വന്നവരും കൊതിപൂണ്ട് കാത് വട്ടം കൂര്‍പ്പിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്. ഷാജി കൈലാസിന്റെ നരസിംഹം ഫിലീമില്‍ ചുവന്ന ജിപ്‌സി ജീപ്പില്‍ മോഹന്‍ലാല്‍ പറന്നെത്തിയപോലെ അതാ വരുന്നു ഒരു കിടിലന്‍ മഹീന്ദ്രാ ജീപ്പ്. കണ്ടാല്‍ ഗുണ്ടകളെന്നുതന്നെ തോന്നിപ്പിക്കുന്ന രണ്ടുമൂന്നാളുകളാണ് ടാര്‍പ്പോളിനടിക്കാത്ത ജീപ്പിന്റെ സീറ്റില്‍ അമര്‍ന്നിരുന്നത്. ഗുണ്ടാത്തലവന്‍ ആരെന്ന് ആരും പറയാതെ എല്ലാവര്‍ക്കും മനസ്സിലായി. കണ്ടാല്‍ കാളപ്പോരുകാരനെപ്പോലത്തെ തടിയന്‍. വലിയ രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ അവനാണ് ജീപ്പ് പറപ്പിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ തലക്കുമീതെ ജിപ്‌സി ജീപ്പ് പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്തുനിന്നു ബൈപ്പാസിലൂടെ പറന്നു, ട്രാഫിക്കില്‍ നില്‍ക്കുന്ന നാരോന്ത് പോലത്തെ പോലീസിനെ പുല്ലാക്കിമാറ്റി താത്‌കാലിക കോടതി നടക്കുന്ന സ്‌കൂളിന്റെ വരാന്തയില്‍ വന്നുവീണു എന്നു പറഞ്ഞാല്‍ മതിയല്ലോ.
എന്റമ്മോ. എന്തൊരു സ്‌പീഡ്! ആരെല്ലാമോ ചാടിയിറങ്ങി കോടതിയുടെ പൂട്ടിയിട്ട പഴയ സ്‌കൂള്‍ വാതില്‍ ചവിട്ടിപ്പൊട്ടിച്ച് അകത്തുകയറിയതാണ് ചാനലുകാരും എണ്ണിയാലൊടുങ്ങാത്ത കോഴിക്കോട്ടുകാരും കണ്ടത്. ആരൊക്കെയോ ആരോടൊക്കെയോ കയര്‍ത്തുപറയുന്നതും അട്ടഹസിക്കുന്നതും കേള്‍ക്കാമായിരുന്നു. എലിപ്പെട്ടിയില്‍ എലി കുടുങ്ങിയ ഉടനെയുള്ള കലപില കേട്ടിട്ടില്ലേ. അത് മൈക്കിലൂടെ കേട്ടാല്‍ എങ്ങനെയിരിക്കും.... ഏകദേശം അതിനു സമാനം. എന്തും സംഭവിക്കാവുന്ന അവസ്ഥ. മുറ്റത്തുനില്‍ക്കുന്ന പലര്‍ക്കും കാര്യം പന്തിയല്ലെന്നു തോന്നിത്തുടങ്ങി. എന്തുചെയ്യാം, അവിടെനിന്നു രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല. അത്രക്കു ടൈറ്റാണ് രംഗം.
അതാ... ചവിട്ടിത്തുറന്ന വാതില്‍ വിജാഗിരിയോടെ പൊളിഞ്ഞു കോടതി മുറ്റത്തേക്കു പറന്നുവീഴുന്നു. അകത്തേക്കു പോയ വീരാട്ടിവീരനും കൂട്ടാളികളും വധക്കേസ് പ്രതി രാമനാഥനെയും കൂടെയുള്ള രണ്ടുമൂന്നാളുകളെയും കാലും കൈയ്യും പിടിച്ചു തൂക്കിയെടുത്തു ജിപ്‌സി ജീപ്പില്‍ എറിയുന്നതാണ് ജനം കണ്ടത്. ആയിരക്കണക്കിനു തൊണ്ടകള്‍ രണ്ടുമൂന്നു മിനുട്ട് നേരത്തേക്കു ഫുള്‍ സ്റ്റോപ്പ്. കേരളാ പോലീസിന്റെ വീറും വീര്യവും മുന്‍കാല പ്രാബല്യത്തോടെ സെമികോളന്‍. വന്നതിനേക്കാള്‍ മലിനീകരണമുണ്ടാക്കിക്കൊണ്ട് വയനാട് രജിസ്‌ട്രേഷനുള്ള ജിപ്‌സി ജീപ്പ് എരഞ്ഞിപ്പാലം ജംഗ്‌ഷനും കടന്നു സിവില്‍സ്റ്റേഷന്‍ ഭാഗത്തേക്കു പറന്നു. അപ്പോഴാണ് ജിപ്‌സി ജീപ്പിന്റെ പിന്നിലുള്ള കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങള്‍ കണ്ട് ആയിരക്കണക്കിന് ആളുകളുടെ രണ്ടായിരക്കണക്കിനു കണ്ണുകള്‍ ഞെട്ടിത്തുറിച്ചത്.... പ്രസ്സ്!!
സ്റ്റിയറിംഗ് പിടിച്ച വീരാട്ടിയുടെ കൂടെയുള്ള കേമന്‍ റായിച്ചന്‍ രണ്ടു കൈയിലും കാഴ്‌ചക്കു എ കെ 47 പോലുള്ള ത്രിശൂലം ചുഴറ്റി അതുതന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു..... ഹേ റാം.
പാവം മോഹന്‍ദാസ്.
pratapperfect@gmail.com
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സംവാദങ്ങള്‍ തുടരട്ടെ
മറുപടിഇല്ലാതാക്കൂഗഫൂര് കരുവണ്ണൂര്‍
post nannayi. prathivaram niruththiyoo?
മറുപടിഇല്ലാതാക്കൂ