2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

1948-2010: ഒരു റാഞ്ചല്‍ നാടകത്തിന്റെ പരിസമാപ്‌തി
പ്രതാപ്‌ വി കെ
(2010 ഫെബ്രുവരി 4 വ്യാഴം - സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.)
പാവം മോഹന്‍ദാസ്‌. എന്തൊരു നല്ല മനുഷ്യനായിരുന്നു. അച്ഛന്‍ അഞ്ചാം തരം വരെയേ പഠിച്ചിരുന്നുള്ളൂവെങ്കിലും ഒന്നിലധികം വിവാഹം കഴിക്കാന്‍ ധൈര്യം കാണിച്ച മഹാനായിരുന്നു. അവസാനത്തെ കുടിയിലായിരുന്നു മോഹന്‍ദാസ്‌ പിറന്നത്‌. നല്ല പൂത്ത പൈസ വീട്ടിലുണ്ടായിരുന്നതുകൊണ്ട്‌ എല്ലാ ആഴ്‌ചയിലും റേഷന്‍ കാര്‍ഡില്‍ വര വീണിരുന്നു. മോഹന്‍ദാസ്‌ വിദേശത്തായിരുന്നു കുറേക്കാലം. കുടുംബം പോറ്റാനൊന്നുമല്ല ഫോറിനില്‍ പോയത്‌. പഠിക്കാനെന്നുപറഞ്ഞു പോയി. വെറുതേ ഒരു ചെയ്‌ഞ്ചിന്‌.
മോഹന്‍ദാസ്‌ ചെറുപ്പത്തിലേ പരസഹായിയും പൊതുജന സേവകനുമായിരുന്നു. പച്ചവെള്ളം ചവച്ചു കുടിക്കലായിരുന്നു പ്രധാന ഹോബി. ഇപ്പോള്‍ നാട്ടിലുള്ള പൊതുജന സേവകരെല്ലാം നാട്ടുകാരെ സേവിച്ചുകഴിഞ്ഞാണ്‌ അവസാനം ഗതിപിടിക്കാതെ ഫോറിനില്‍ പോകുന്നത്‌. നേരെ തിരിച്ചായിരുന്നു നമ്മുടെ മോഹന്‍ദാസ്‌. വിദേശവാസം കഴിഞ്ഞുവന്നാണ്‌ നാട്ടുകാരുടെ കണ്ണിലെ ഒരു ഉണ്ണിയായത്‌.
എന്നിട്ടെന്തുണ്ടായി! ഒരു സുപ്രഭാതത്തില്‍ കണ്ണില്‍ ചോരയും നീരുമില്ലാത്ത ഒരു നീചന്‍ മോഹന്‍ദാസിനെ കശാപ്പ്‌ ചെയ്‌തു. മരിച്ചുവീഴുമ്പോള്‍ അദ്ദേഹം `ഹേ റാം' എന്ന്‌ ഉരുവിട്ടതായി എഫ്‌ ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു. കേസ്‌ ലോക്കല്‍ പോലീസ്‌ അന്വേഷിച്ച്‌ തുമ്പുണ്ടാകുമെന്ന്‌ കണ്ടപ്പോഴാണ്‌ ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചുവാങ്ങി കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌. രാമനാഥനാണ്‌ മോഹന്‍ദാസിനെ സ്വര്‍ഗത്തിലേക്കയച്ചതെങ്കിലും എന്‍ ഐ എ, ഏറെക്കാലം ചിന്തിനോക്കിയപ്പോഴാണ്‌ രാമനാഥന്‍ (നാഥരാമന്‍) ഒറ്റക്കല്ല ആ നീചകൃത്യം ചെയ്‌തതെന്നു കണ്ടെത്തിയത്‌. കൂടെ അഞ്ചെട്ടുപേര്‍ ഉണ്ടായിരുന്നത്രെ. പക്ഷെ ഗുണ്ടാപ്പണത്തിന്റെ ചെക്ക്‌ കൈപ്പറ്റിയത്‌ രാമനാഥനായതുകൊണ്ട്‌ അവന്റെ പേരിലാണ്‌ കേസ്‌ ചാര്‍ജായത്‌. അതാണ്‌ എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ കോടതിയില്‍ വിചാരണക്കു വന്നിരിക്കുന്നത്‌.
എന്തൊരു തിരക്കായിരുന്നു എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍. ജംഗ്‌ഷന്‍ കടന്നു മലബാര്‍ ഹോസ്‌പിറ്റലിന്റെ മുന്നില്‍നിന്നുപോലും നാട്ടുകാര്‍ ഏന്തിനോക്കുന്നുണ്ടായിരുന്നു. ഇങ്ങ്‌ പെട്രോള്‍ പമ്പ്‌ വരെ റോഡ്‌സൈഡ്‌ നിബിഡമായിരുന്നു. മാസങ്ങള്‍ക്കുമുമ്പ്‌ മാറാട്‌ കേസ്‌ വിചാരണക്കെടുത്തപ്പോള്‍ പോലും ഇത്ര തിരക്കില്ലായിരുന്നു. ആള്‍ക്കൂട്ടമെന്നു പറഞ്ഞാല്‍ തൃശൂര്‍പൂരം ബേക്കില്‍ നില്‍ക്കണം. ആദ്യാവസാനമുള്ള സീനുകള്‍ ഒപ്പിയെടുക്കാന്‍ സകലമാന ചാനലുകളും പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പുതന്നെ കുടകള്‍ നിവര്‍ത്തിവെച്ചിരുന്നു. എന്തൊക്കെയോ ചിലത്‌ ഇന്നവിടെ നടക്കുമെന്നുള്ള ക്ലൂ ആരൊക്കെയോ മൊബൈലില്‍ എസ്‌ എം എസായി അവര്‍ക്കെത്തിച്ചെന്നു ചാനല്‍ ശിങ്കങ്ങളുടെ ജറൂറ്‌ കണ്ടാലറിയാം.
സമയം പത്തേമുക്കാല്‍ കഴിഞ്ഞേയുള്ളൂ. സൂര്യന്‍ തലക്കു മുകളിലേക്കെത്താന്‍ ടിക്കറ്റെടുത്തേയുള്ളൂ. അപ്പോഴേക്കും ജനം തിങ്ങിത്തിങ്ങി വരുന്ന കാഴ്‌ച സിറ്റി ബസ്സില്‍ പോകുന്നവര്‍ കണ്ടു കണ്ണില്‍ വിരല്‍വെക്കുന്നുണ്ടായിരുന്നു.
മാധ്യമശിങ്കങ്ങള്‍ ടെസ്റ്റിങ്ങിനായി ആകാശത്തേക്കെറിഞ്ഞ മണല്‍ത്തരികള്‍ ഒന്നുപോലും നിലത്തുവീഴാതെ ആളുകളുടെ തൊപ്പിയിലും കഷണ്ടിയിലും ഡൈ ചെയ്‌ത മുടിയിലും പറ്റിപ്പിടിച്ചുനിന്നു. രംഗമാകെ ലൈവായി പകര്‍ത്തിയെടുക്കാന്‍ ക്യാമറകള്‍ ഓണ്യുവര്‍ മാര്‍ച്ചായി നിരന്നുനില്‍ക്കുന്നുണ്ടായിരുന്നു.
അതാ ഹോണടി.... രാമനാഥനെയും കൊണ്ട്‌ പോലീസ്‌ സ്‌പെഷല്‍ കോടതിമുറ്റത്തേക്കു കുതിച്ചുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ ആകാംക്ഷാഭരിതരുടെ തിരക്ക്‌ കാരണം കോര്‍ട്ട്‌ തൊടാന്‍ കഴിയുന്നില്ല. കോടതി മുറ്റത്താകെ ഉദ്വേഗം തളം കെട്ടി നിന്നതിനാല്‍ അതില്‍ ചവിട്ടാതെ (വി കെ എന്നിനോട്‌ കടപ്പാട്‌) രാമനാഥനെ ഒരു വിധേന പോലീസും പൂച്ചകളും ചേര്‍ന്നു കോര്‍ട്ടിനകത്താക്കി കതകടച്ചു.
പുറത്തെ കുടക്കാര്‍ തെക്കും വടക്കും പിന്നെ സൂര്യനെയും മേഘത്തെയും ഇടവിടാതെ ഒപ്പിയെടുത്തു ലക്ഷക്കണക്കിനു വീടുകളിലേക്ക്‌ ആകാശം വഴി പറഞ്ഞയച്ചു കേബിള്‍ വാടക മുടങ്ങാതെ ഈടാക്കുന്നുണ്ടായിരുന്നു. അകത്ത്‌ വിചാരണ തുടങ്ങിയെന്നു പുറത്തെ നെടുവീര്‍പ്പില്‍നിന്നു മണത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. തൂക്കിക്കൊല്ലാനാണ്‌ സാധ്യതയെന്നു ബേപ്പൂരില്‍ നിന്നു വന്നവര്‍ പറഞ്ഞപ്പോള്‍, വെള്ളയില്‍ നിന്നുവന്നവര്‍ക്കു വെറുതെ വിടുമെന്ന അഭിപ്രായമായിരുന്നു. നാര്‍ക്കോ അനാലിസിസിനു പറഞ്ഞയക്കുമെന്നായി മാളിക്കടവില്‍ നിന്നെത്തിയവര്‍. എന്തായാലും കാത്തത്ര കാക്കണ്ടല്ലോ എന്നു പറഞ്ഞു വടക്കുനിന്നു വന്നവരും കൊതിപൂണ്ട്‌ കാത്‌ വട്ടം കൂര്‍പ്പിച്ചു.
അപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. ഷാജി കൈലാസിന്റെ നരസിംഹം ഫിലീമില്‍ ചുവന്ന ജിപ്‌സി ജീപ്പില്‍ മോഹന്‍ലാല്‍ പറന്നെത്തിയപോലെ അതാ വരുന്നു ഒരു കിടിലന്‍ മഹീന്ദ്രാ ജീപ്പ്‌. കണ്ടാല്‍ ഗുണ്ടകളെന്നുതന്നെ തോന്നിപ്പിക്കുന്ന രണ്ടുമൂന്നാളുകളാണ്‌ ടാര്‍പ്പോളിനടിക്കാത്ത ജീപ്പിന്റെ സീറ്റില്‍ അമര്‍ന്നിരുന്നത്‌. ഗുണ്ടാത്തലവന്‍ ആരെന്ന്‌ ആരും പറയാതെ എല്ലാവര്‍ക്കും മനസ്സിലായി. കണ്ടാല്‍ കാളപ്പോരുകാരനെപ്പോലത്തെ തടിയന്‍. വലിയ രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ അവനാണ്‌ ജീപ്പ്‌ പറപ്പിക്കുന്നത്‌. ആള്‍ക്കൂട്ടത്തിന്റെ തലക്കുമീതെ ജിപ്‌സി ജീപ്പ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ഭാഗത്തുനിന്നു ബൈപ്പാസിലൂടെ പറന്നു, ട്രാഫിക്കില്‍ നില്‍ക്കുന്ന നാരോന്ത്‌ പോലത്തെ പോലീസിനെ പുല്ലാക്കിമാറ്റി താത്‌കാലിക കോടതി നടക്കുന്ന സ്‌കൂളിന്റെ വരാന്തയില്‍ വന്നുവീണു എന്നു പറഞ്ഞാല്‍ മതിയല്ലോ.
എന്റമ്മോ. എന്തൊരു സ്‌പീഡ്‌! ആരെല്ലാമോ ചാടിയിറങ്ങി കോടതിയുടെ പൂട്ടിയിട്ട പഴയ സ്‌കൂള്‍ വാതില്‍ ചവിട്ടിപ്പൊട്ടിച്ച്‌ അകത്തുകയറിയതാണ്‌ ചാനലുകാരും എണ്ണിയാലൊടുങ്ങാത്ത കോഴിക്കോട്ടുകാരും കണ്ടത്‌. ആരൊക്കെയോ ആരോടൊക്കെയോ കയര്‍ത്തുപറയുന്നതും അട്ടഹസിക്കുന്നതും കേള്‍ക്കാമായിരുന്നു. എലിപ്പെട്ടിയില്‍ എലി കുടുങ്ങിയ ഉടനെയുള്ള കലപില കേട്ടിട്ടില്ലേ. അത്‌ മൈക്കിലൂടെ കേട്ടാല്‍ എങ്ങനെയിരിക്കും.... ഏകദേശം അതിനു സമാനം. എന്തും സംഭവിക്കാവുന്ന അവസ്ഥ. മുറ്റത്തുനില്‍ക്കുന്ന പലര്‍ക്കും കാര്യം പന്തിയല്ലെന്നു തോന്നിത്തുടങ്ങി. എന്തുചെയ്യാം, അവിടെനിന്നു രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല. അത്രക്കു ടൈറ്റാണ്‌ രംഗം.
അതാ... ചവിട്ടിത്തുറന്ന വാതില്‍ വിജാഗിരിയോടെ പൊളിഞ്ഞു കോടതി മുറ്റത്തേക്കു പറന്നുവീഴുന്നു. അകത്തേക്കു പോയ വീരാട്ടിവീരനും കൂട്ടാളികളും വധക്കേസ്‌ പ്രതി രാമനാഥനെയും കൂടെയുള്ള രണ്ടുമൂന്നാളുകളെയും കാലും കൈയ്യും പിടിച്ചു തൂക്കിയെടുത്തു ജിപ്‌സി ജീപ്പില്‍ എറിയുന്നതാണ്‌ ജനം കണ്ടത്‌. ആയിരക്കണക്കിനു തൊണ്ടകള്‍ രണ്ടുമൂന്നു മിനുട്ട്‌ നേരത്തേക്കു ഫുള്‍ സ്റ്റോപ്പ്‌. കേരളാ പോലീസിന്റെ വീറും വീര്യവും മുന്‍കാല പ്രാബല്യത്തോടെ സെമികോളന്‍. വന്നതിനേക്കാള്‍ മലിനീകരണമുണ്ടാക്കിക്കൊണ്ട്‌ വയനാട്‌ രജിസ്‌ട്രേഷനുള്ള ജിപ്‌സി ജീപ്പ്‌ എരഞ്ഞിപ്പാലം ജംഗ്‌ഷനും കടന്നു സിവില്‍സ്റ്റേഷന്‍ ഭാഗത്തേക്കു പറന്നു. അപ്പോഴാണ്‌ ജിപ്‌സി ജീപ്പിന്റെ പിന്നിലുള്ള കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങള്‍ കണ്ട്‌ ആയിരക്കണക്കിന്‌ ആളുകളുടെ രണ്ടായിരക്കണക്കിനു കണ്ണുകള്‍ ഞെട്ടിത്തുറിച്ചത്‌.... പ്രസ്സ്‌!!
സ്റ്റിയറിംഗ്‌ പിടിച്ച വീരാട്ടിയുടെ കൂടെയുള്ള കേമന്‍ റായിച്ചന്‍ രണ്ടു കൈയിലും കാഴ്‌ചക്കു എ കെ 47 പോലുള്ള ത്രിശൂലം ചുഴറ്റി അതുതന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു..... ഹേ റാം.
പാവം മോഹന്‍ദാസ്‌.
pratapperfect@gmail.com

2010, ജനുവരി 30, ശനിയാഴ്‌ച

മാ നിഷാദ....
(1995 ഏപ്രില്‍ മാസത്തില്‍ ഐക്യകേരള കലാസമിതി ഗ്രന്ഥാലയം 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌
പുറത്തിറക്കിയ `പുലരി-05' കയ്യെഴുത്തു സ്‌മരണികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


``.... ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.... പ്രകാശം ഉണ്ടാകട്ടെ - ദൈവം അരുളിച്ചെയ്‌തു. തൃണങ്ങളും വിത്തുകളും ഉണ്ടാക്കുന്ന സസ്യങ്ങളും വിത്തുകനികള്‍ പുറപ്പെടുവിക്കുന്ന ഫലവൃക്ഷങ്ങളും ഭൂമി മുളപ്പിക്കട്ടെ.... ജലങ്ങള്‍ ജീവജാലങ്ങളെക്കൊണ്ട്‌ നിറയുകയും പക്ഷികള്‍ ഭൂമിക്കു മുകളില്‍ ആകാശ മണ്ഡലത്തിന്‍ കീഴില്‍ പറന്നു നടക്കുകയും ചെയ്യട്ടെ..... ദൈവം മനുഷ്യരെ അനുഗ്രഹിച്ചു: പെരുകി വര്‍ധിക്കുവിന്‍ - ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍ - മത്സ്യങ്ങളുടെയും പക്ഷികളുടെയും കന്നുകാലികളുടെയും ഇഴയുന്ന ജന്തുക്കളുടെയും മേല്‍ ആധിപത്യം വഹിക്കുവിന്‍....''
മനുഷ്യന്‍ എന്ന ജീവസമൂഹം ഭൂമിയില്‍ ഉടലെടുക്കാനിടയായ സാഹചര്യം സൂചിപ്പിച്ചുകൊണ്ട്‌ വിശുദ്ധ ബൈബിളിന്റെ ആദ്യഭാഗമായ പഴയ നിയമത്തില്‍ വിവരിക്കപ്പെട്ട ചില ഭാഗങ്ങളാണ്‌ മുകളില്‍ ചേര്‍ത്തത്‌. ശക്തനായ മനുഷ്യന്റെ ഭൂമിയിലേക്കുള്ള `ആഗമനം' ഒട്ടൊക്കെ നാടകീയമായി വിവരിക്കപ്പെട്ട ഈ ഭാഗത്തിന്റെ ശാസ്‌ത്രീതയെ സംബന്ധിച്ച്‌ ആര്‍ക്കെങ്കിലും സംശയം ഉളവാകുന്നത്‌ സ്വാഭാവികം മാത്രം. പ്രപഞ്ചത്തിലെ മനുഷ്യനൊഴികെയുള്ള സര്‍വ ചരാചരങ്ങളും അവന്റെ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി ദൈവം സൃഷ്‌ടിച്ചതെന്നാണ്‌ ഇതിലെ വിവക്ഷ.
പ്രപഞ്ചത്തിലെ മനുഷ്യന്റെ `സ്ഥാനം' എവിടെയെന്ന്‌ വ്യക്തമായി മനസ്സിലാക്കിയിട്ടും സര്‍വശക്തനായ മനുഷ്യന്‌ അടിമപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്‌ അവന്റെ സഹജീവികളും പരിസരവും എന്ന്‌ മൂഢമായി വിശ്വസിക്കുന്നവരാണ്‌ ഭൂരിപക്ഷവും. ഭക്ഷണ സമ്പാദനത്തിനുപോലും ഏറെ കഷ്‌ടപ്പെടേണ്ടിവന്ന ആദിമ മനുഷ്യനില്‍നിന്നും ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പരിഷ്‌കൃത മാനവനിലേക്ക്‌ വളര്‍ന്ന ചരിത്രം, ശരിയായ രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‌ കഴിഞ്ഞതിന്റേതാണ്‌. പക്ഷെ ഈ യാത്രക്കിടയില്‍ പരിസരത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ നമുക്ക്‌ ഏറെ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതിന്റെ ഒരു തെളിവാണ്‌ രൂക്ഷമായ ഇന്നത്തെ പരിസര മലിനീകരണ പ്രശ്‌നം.
ഭൂമിയില്‍ ഇന്നു നിലനില്‍ക്കുന്ന രീതിയിലുള്ള ലോലമായ പ്രകൃതി സന്തുലനത്തെപ്പോലും അട്ടിമറിക്കാനുതകുന്ന തരത്തില്‍ ഭീഷണമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു മലിനീകരണ പ്രശ്‌നം. ഏതുതരം വികസന പ്രക്രിയയുടെയും അനിവാര്യമായ അനന്തരഫലങ്ങളാണ്‌ ഇത്തരം മലിനീകരണ പ്രശ്‌നങ്ങള്‍ എന്ന വാദമുയര്‍ത്തിക്കൊണ്ട്‌ നാം തന്നെ കഴുത്തിലെ കയറിന്റെ കുരുക്ക്‌ കൂടുതല്‍ മുറുക്കിക്കൊണ്ടിരിക്കുന്നു. വാദിച്ചുനില്‍ക്കാന്‍പോലും ഏറെ സമയമില്ലെന്ന യാഥാര്‍ഥ്യത്തിലെത്താന്‍ പര്യാപ്‌തമായതിലും ഭീകരമാണ്‌ പരിസര മലിനീകരണ തോതിന്റെ ഇന്നത്തെ അവസ്ഥ.
മലിനീകരണ പ്രശ്‌നങ്ങള്‍ നിരവധിയാണ്‌ - അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, ശബ്‌ദ മലിനീകരണം... തുടങ്ങി പട്ടിക നീളുന്നു. ഇതിലേറ്റവും സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്‌ അന്തരീക്ഷ മലിനീകരണം. കാര്‍ബണ്‍ഡയോക്‌സൈഡ്‌ വാതകത്തിന്റെ അളവ്‌ ക്രമാതീതമായി വര്‍ധിച്ചുവരുന്നത്‌ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌. അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഓക്‌സിജന്‍ - കാര്‍ബണ്‍ഡയോക്‌സൈഡ്‌ സന്തുലനമാകെ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു. മീഥേന്‍, നൈട്രസ്‌ - നൈട്രിക്‌ ഓക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങളുടെയും അന്തരീക്ഷത്തിലെ വര്‍ധിച്ച ആധിക്യം അപകടാവസ്ഥ അടുത്തെത്തിയെന്ന്‌ വിളിച്ചറിയിക്കുന്നു. ഇത്തരം വാതകങ്ങളുടെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്നത്‌ ഹരിതാലയ പ്രഭാവം (ഗ്രീന്‍ഹൗസ്‌ ഇഫക്‌ട്‌) എന്ന അപകടാവസ്ഥയ്‌ക്ക്‌ കാരണമായിത്തീര്‍ന്നിരിക്കുന്നു.
കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ കൊണ്ട്‌ ഭൂമിയുടെ ശരാശരി താപനില ഏകദേശം 0.6 ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ധിച്ചുവെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. അടുത്ത 50 - 100 വര്‍ഷങ്ങള്‍ കൊണ്ടാകട്ടെ അത്‌ 2 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ വര്‍ധിച്ചേക്കാം! അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന അപകടാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പെട്രോള്‍, ഡീസല്‍, കല്‍ക്കരി മുതലായ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന വാതകങ്ങളിലെ ഏറിയ പങ്കും ഈ പ്രക്രിയക്ക്‌ ആക്കം കൂട്ടുകയാണ്‌. താപനില ഉയരുന്നതുമൂലം കൂടുതല്‍ സമുദ്രജലം ബാഷ്‌പമാകുന്നതിനാല്‍ കൂടുതല്‍ മേഘങ്ങളുണ്ടാകുകയും കൂടുതല്‍ മഴ പെയ്യുകയും ചെയ്യും. കൂടാതെ ധ്രുവപ്രദേശത്തെ ഐസ്‌ പാളികള്‍ ഉരുകുന്നതുമൂലം ഫലഭൂയിഷ്‌ഠമായ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായേക്കാം. ഇതുമൂലം അടുത്ത 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക അഭയാര്‍ഥികള്‍ അഞ്ച്‌ കോടിയായിരിക്കുമെന്ന കണക്കുമതി ഈ പ്രശ്‌നത്തിന്റെ രൂക്ഷത വെളിവാക്കാന്‍. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ മുപ്പതു ശതമാനത്തോളം ഭാഗം വെള്ളത്തിനടിയിലായേക്കാമെന്ന ഭീതിദമായ ഒരു സൂചനയും പാരിസ്ഥിതിക വിദഗ്‌ധന്മാര്‍ നല്‍കുന്നു.
ഭൂമിക്കുമേലുള്ള വാതക അടുക്കായ ഓസോണ്‍ പാളിക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗണ്യമായ കുറവാണ്‌ മറ്റൊരു ഭവിഷ്യത്ത്‌. സൂര്യനില്‍നിന്ന്‌ പുറപ്പെടുന്ന അപകടകാരികളായ അള്‍ട്രാ വയലറ്റ്‌ വികിരണങ്ങളെ ഭൂമിയിലേക്ക്‌ കടത്തിവിടാതെ ഒരു സംരക്ഷണാവരണമായി പ്രവര്‍ത്തിച്ചുവരുന്ന ഓസോണ്‍ പാളിക്ക്‌ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന്‌ മുകളിലായി ഗണ്യമായ കുറവ്‌ ഉണ്ടായിരിക്കുന്നതായി ആദ്യമായി കണ്ടെത്തിയത്‌ 1985ലാണ്‌. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ഒരുപോലെ ദോഷകരമായ അള്‍ട്രാ വയലറ്റ്‌ വികിരണങ്ങള്‍ ത്വക്കില്‍ ക്യാന്‍സര്‍ രോഗം ഉണ്ടാക്കിയേക്കാം. `മെലനോമ' എന്ന രോഗബാധയ്‌ക്കും കാരണം ഇത്തരം വികിരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ (സി എഫ്‌ സി) എന്ന രാസവസ്‌തുവാണ്‌ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന പ്രധാന വില്ലന്‍. കൂടെ നൈട്രിക്‌ - നൈട്രസ്‌ ഓക്‌സൈഡുകള്‍, ക്ലോറിന്‍ എന്നിവയും. വ്യവസായ മലിനീകരണത്തിന്റെ ഭാഗമായാണ്‌ ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലായി കലരുന്നത്‌. പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച്‌ 2075ന്‌ മുമ്പ്‌ ജനിക്കുന്ന അമേരിക്കയിലെ വെള്ളക്കാര്‍ക്കിടയില്‍ മാത്രം 1,26,000 പേര്‍ക്ക്‌ `മെലനോമ' രോഗം പിടിപെടും... തന്മൂലം 30,000 പേരെങ്കിലും മരിച്ചേക്കാം. മനുഷ്യര്‍ക്കുള്ള പ്രതിരക്ഷാ സംവിധാനത്തില്‍ കാര്യമായ കുറവ്‌ സംഭവിക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലോകത്താകെ പടര്‍ന്നുപിടിക്കാനും സാധ്യതകള്‍ ഏറിവരികയാണത്രെ.
സള്‍ഫര്‍ ഡയോക്‌സൈഡ്‌, നൈട്രജന്‍ ഓക്‌സൈഡ്‌ മുതലായ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലായി കലരുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ല മഴയാണ്‌ മറ്റൊരപകടം. സള്‍ഫ്യൂറിക്‌ ആസിഡിന്റെയും നൈട്രിക്‌ ആസിഡിന്റെയും ചെറു കണികകള്‍ മഴയായി പെയ്യുന്നതാണ്‌ ഈ വിചിത്ര പ്രതിഭാസം. വ്യവസായവല്‍ക്കരണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലും മധ്യ യൂറോപ്പിലും മറ്റും അമ്ല മഴകള്‍ ഒരു പുതുവാര്‍ത്തയല്ലാതായിരിക്കുന്നു. 1980കളില്‍ പശ്ചിമ ജര്‍മനിയിലെ വൃക്ഷങ്ങളില്‍ മൂന്നിലൊന്ന്‌ അമ്ല മഴ കാരണം നശിച്ചുപോകാനിടയായി.
വിഷവാതകങ്ങളടങ്ങിയ പുക മൂടല്‍മഞ്ഞുമായി ചേര്‍ന്ന്‌ പുകമഞ്ഞ്‌ (സ്‌മോഗ്‌) രൂപപ്പെടുന്ന പ്രതിഭാസവും പുതിയ അപകടമായി രംഗത്തെത്തിയിരിക്കുന്നു. ലണ്ടനില്‍ 1952ല്‍ നാലായിരത്തോളം പേര്‍ ഇത്തരമൊരപകടത്തില്‍ പെട്ട്‌ മരണമടഞ്ഞു. ഇന്ത്യയില്‍ ഡല്‍ഹി നഗരത്തില്‍ ചെറിയ തോതില്‍ പുകമഞ്ഞ്‌ പ്രത്യക്ഷപ്പെട്ട വിവരം ഏതാനും മാസം മുമ്പ്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി.
നാള്‍ ചെല്ലുന്തോറും വന്‍തോതില്‍ വര്‍ധിച്ചുവരുന്ന ജലമലിനീകരണമാണ്‌ മറ്റൊരു പ്രശ്‌നം. വ്യവസായശാലയില്‍നിന്നും നിര്‍ഗമിക്കുന്ന വിഷവസ്‌തുക്കള്‍ ചാലിയാറിനെ മലിനമാക്കുന്നതിനിടയാക്കിയതും സമീപ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ അത്‌ ബാധിച്ചതും കേരളത്തിലെ ഒരനുഭവമാണ്‌. ആസിഡുകള്‍, ആല്‍ക്കലികള്‍, ലവണങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയടങ്ങിയ രാസവസ്‌തുക്കള്‍ പുഴയിലും കടലിലും കലരുന്നത്‌ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്‌. ഈയിടെ നടന്ന ഗള്‍ഫ്‌ യുദ്ധവേളയില്‍ വന്‍തോതില്‍ ജലമലിനീകരണത്തിനിടയാക്കിക്കൊണ്ട്‌ എണ്ണ കടലിലേക്കൊഴുക്കിയത്‌ മുഖേനയുണ്ടായ പ്രശ്‌നങ്ങള്‍ പത്രമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നുവല്ലോ - ലോകത്തിലാകെ പ്രതിവര്‍ഷം പത്ത്‌ ദശലക്ഷം ടണ്ണോളം എണ്ണ കടലിലേക്കൊഴുകുന്നുണ്ടത്രെ. വിഷകരമായ രാസവസ്‌തുക്കള്‍ കായലിലും പുഴയിലും മറ്റും കലരുന്നത്‌ ഇതിനേക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു. ഡി ഡി ടി മുതലായ കീടനാശിനികളുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുകയാണ്‌. 1956ല്‍ ജപ്പാനിലെ നഗരപ്രാന്തങ്ങളില്‍ പിടിപെട്ട `മീനമാതാ' രോഗം ഇതിന്‌ ഒരുദാഹരണം മാത്രം. മെര്‍ക്കുറി (രസം)യുടെ കാര്‍ബണിക സംയുക്തങ്ങള്‍ മൂലമുള്ള വിഷബാധ ആദ്യം മത്സ്യങ്ങളെയും പക്ഷികളെയും ക്രമേണ മനുഷ്യനെയും പിടികൂടി. ഒട്ടേറെ ജീവനപഹരിച്ച ഈ രോഗം, ഇന്നും അവിടെ പിറക്കുന്ന ശിശുക്കളെ ബുദ്ധിവൈകല്യമുള്ളവരാക്കിക്കൊണ്ട്‌ സംഹാരതാണ്ഡവം തുടരുകയാണത്രെ. കുറെയൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും രോഗത്തിനുള്ള പ്രതിവിധി കണ്ടെത്താന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.
ശബ്‌ദമലിനീകരണം, അണുപ്രസരണ മലിനീകരണം തുടങ്ങിയവയും കൂടുതല്‍ കൂടുതല്‍ രൂക്ഷമായ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നു. അണു വിസ്‌ഫോടന പരീക്ഷണങ്ങളും അണുവൈദ്യുത നിലയങ്ങളിലുണ്ടാകാവുന്ന അപകടങ്ങളും വന്‍തോതില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്‌തമായവയാണ്‌. ഒരര്‍ഥത്തില്‍, മറ്റെല്ലാ മലിനീകരണ പ്രശ്‌നങ്ങളെയും കടത്തിവെട്ടാന്‍ കെല്‌പുള്ളയത്രയും മാരകമായ പ്രഹരശേഷിയാണ്‌ വികിരണങ്ങള്‍ മൂലമുള്ള മലിനീകരണത്തിനുള്ളത്‌. നിമിഷനേരം കൊണ്ട്‌ ഭൂലോകത്തിന്റെ മുഖമാകെ വികൃതമാക്കാന്‍ ശേഷിയുള്ള അണുവികിരണങ്ങള്‍ മുഖേനയുണ്ടാകുന്ന മലിനീകരണങ്ങള്‍ വ്യാപകവും ദീര്‍ഘകാലത്തേക്ക്‌ നിലനില്‍ക്കുന്നതുമാണ്‌.
പ്രകൃതിയെ `ബോധപൂര്‍വം' ചൂഷണം ചെയ്‌ത്‌ ജീവിക്കാന്‍ തയ്യാറാകേണ്ട മനുഷ്യന്‍, കയ്യും കണക്കുമില്ലാതെ പ്രകൃതിയുടെ മേല്‍ കൈയേറ്റം നടത്തുന്നതിന്റെ ഉത്തമദൃഷ്‌ടാന്തങ്ങളാണ്‌ ഇത്തരം മലിനീകരണ പ്രശ്‌നങ്ങളെല്ലാം. പ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ഒരു നക്ഷത്ര സമൂഹത്തിലെ ഒരു ചെറുനക്ഷത്രമായ സൂര്യന്റെ അനേകം ഗ്രഹങ്ങളിലൊന്നു മാത്രമാണ്‌ ഭൂമി. ആ ഭൂമിയിലെ അനേകം അന്തേവാസികളില്‍ ഒരാള്‍ മാത്രമായ മനുഷ്യന്‍ ഈ പ്രപഞ്ചത്തിന്റെ ഉടമകളാണെന്ന പമ്പര വിഡ്‌ഢിത്തം മനസ്സില്‍ കൊണ്ടുനടക്കുന്നതുതന്നെ, സ്വന്തം ശവക്കുഴി തോണ്ടുന്നതിന്‌ തുല്യമാണ്‌.
ഇരുന്ന കൊമ്പ്‌ മുറിക്കുന്ന മൂഢവിശ്വാസം തനിക്കുപോലും ഗുണം ചെയ്യില്ലെന്ന യാഥാര്‍ഥ്യം എത്രയും പെട്ടെന്ന്‌ മനസ്സിലാക്കുന്നത്‌ നമുക്കുതന്നെ നല്ലത്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട്‌ 450 ഇനം ജീവജാലങ്ങളുടെ വംശനാശത്തിന്‌ കാരണക്കാരനായ മനുഷ്യന്‍, അതു പോരാഞ്ഞ്‌ സ്വന്തം വര്‍ഗത്തെതന്നെ കുഴിച്ചുമൂടാന്‍ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നു. പെറ്റമ്മയെ ചുട്ടുകൊല്ലുന്ന ഈ നീചവൃത്തിയെ ചോദ്യം ചെയ്യാനും, ഇന്ന്‌ ലഭ്യമായ ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക്‌ തടയിടാനും തുനിയേണ്ടത്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടിയന്തരവും അത്യാവശ്യവുമായ കടമയാണെന്ന്‌ നാമോരുത്തരും മനസ്സിലാക്കേണ്ടിയിരുന്നു.

2010, ജനുവരി 29, വെള്ളിയാഴ്‌ച

സ്വയം പുകഴ്‌ത്തലും ആരോപണങ്ങളും(2)
(2010 ജനുവരി 17 - സിറാജ്‌ ദിനപത്രം)
ഗുരുതരമായ ഒന്നുരണ്ട്‌ ആരോപണങ്ങളാണ്‌ നീലകണ്‌ഠന്‍ കേരളത്തിലെ സ്‌ത്രീ സ്വാശ്രയസംഘങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്‌. സ്‌ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയും സ്‌ത്രീകള്‍ നേരിടുന്ന ഇരട്ട ചൂഷണങ്ങള്‍ക്കെതിരെയും നീലകണ്‌ഠന്റെ തീപാറുന്ന പ്രഭാഷണങ്ങള്‍ കേട്ട്‌ കോരിത്തരിച്ച ആരും ഞെട്ടിത്തെറിക്കാന്‍ പോന്നവയാണ്‌ അവയില്‍ ചിലത്‌.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികളില്‍ സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌ അതാതിടങ്ങളിലെ സ്‌ത്രീ സ്വാശ്രയസംഘങ്ങളാണ്‌. കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ ഇപ്രകാരം സേവനമനുഷ്‌ഠിക്കുന്ന വനിതകളെ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇയ്യിടെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കി ബഹുമാനിക്കുകയുമുണ്ടായി. അന്നന്നത്തെ അന്നം വാങ്ങുന്നതിന്‌ മാന്യമായ തൊഴില്‍ ചെയ്‌തു ചെറുതല്ലാത്ത വരുമാനം നേടിക്കൊണ്ടിരിക്കുന്ന പലരും അഭിമാനപൂര്‍വം ചടങ്ങില്‍ പങ്കെടുത്ത്‌ കോര്‍പ്പറേഷന്‍ മേയറില്‍നിന്ന്‌ ഉപഹാരം ഏറ്റുവാങ്ങിയ വാര്‍ത്ത ചില പത്രങ്ങളില്‍ വന്നിരുന്നു. (എല്ലാ പത്രങ്ങള്‍ക്കും അതൊന്നും വാര്‍ത്തയാകില്ലെന്നത്‌ നമുക്കിന്നൊരു വാര്‍ത്തയല്ലല്ലോ!)
കേരളത്തിലാകെ ഇത്തരത്തില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു വനിതകളെയാകെ സി ആര്‍ നീലകണ്‌ഠന്‍ വിശേഷിപ്പിക്കുന്നതെങ്ങനെയെന്നു നോക്കൂ. `അതിസമ്പന്നരായ നഗരവാസികളുടെ മാലിന്യം പെറുക്കികളായ പുതിയ തരം തോട്ടികള്‍' എന്നാണ്‌ ആ മഹാനുഭാവന്റെ പദപ്രയോഗം. നീലകണ്‌ഠന്റെ ഭാര്യ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നും കുടുംബാംഗങ്ങള്‍ക്കുപോലും റെയില്‍വേയില്‍ എ സി കംപാര്‍ട്ട്‌മെന്റില്‍ ഇടക്കിടെ സൗജന്യ യാത്ര അനുവദിച്ചുകിട്ടുന്ന എല്‍ ടി സി സൗകര്യം ലഭിക്കുന്ന ഏതോ ഒരു മികച്ച ജോലിയാണവര്‍ക്കെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍നിന്നുതന്നെ നമ്മളറിഞ്ഞതാണ്‌. ഓരോ തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്ന്‌ ഇന്നാരെയും ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. ഉയര്‍ന്ന പദവികളില്‍ കനത്ത ശമ്പളം പറ്റുന്ന കേന്ദ്ര ജീവനക്കാരും ദിവസക്കൂലിയായി നൂറ്‌ രൂപ തികച്ചു കിട്ടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന സ്‌ത്രീ സ്വാശ്രയസംഘം പ്രവര്‍ത്തകരും - എല്ലാവരും ചെയ്യുന്നത്‌ മാന്യമായ തൊഴിലു തന്നെ. അങ്ങനെയിരിക്കെ അതിലൊരു വിഭാഗത്തെ മാലിന്യം പെറുക്കികളായ തോട്ടികളെന്ന്‌ വിളിച്ചധിക്ഷേപിക്കുന്നതിന്റെ യുക്തി അദ്ദേഹത്തിന്‌ മാത്രമേ അറിയൂ.
മറ്റൊരു പ്രയോഗം `വന്‍തോതില്‍ പണവ്യാപാരം നടത്തുന്ന ബ്ലേഡ്‌ കമ്പനികളാണ്‌ സ്‌ത്രീ സ്വാശ്രയസംഘങ്ങള്‍' എന്നതാണ്‌. `സമൂഹത്തില്‍ സൂക്ഷ്‌മമായി ഇടപെടുന്ന ഒരാളാണ്‌ ഞാന്‍... അതുകൊണ്ടുതന്നെ സമൂഹത്തില്‍ താഴെ തട്ടിലുള്ളത്‌ കാണാന്‍ എനിക്കു കഴിയുന്നു' എന്ന വ്യക്തിമികവ്‌ ലേഖനത്തിലൂടെ പരസ്യപ്പെടുത്തിയ അദ്ദേഹത്തിന്‌ സ്‌ത്രീ സ്വാശ്രയസംഘങ്ങളെയാകെ ബ്ലേഡ്‌ കമ്പനികളായി അധിക്ഷേപിക്കാന്‍ ധൈര്യം കിട്ടിയതെങ്ങനെയെന്ന്‌ അത്ഭുതമുണ്ട്‌. എഴുതുന്നതെന്തും പ്രസിദ്ധീകരിക്കാന്‍ ആഴ്‌ചപതിപ്പുകളും ദിനപത്രങ്ങളും മാസികകളും ചുറ്റും കാത്തുനില്‍ക്കുമ്പോള്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാതെ തരമില്ലല്ലോ. ഒരിക്കലെഴുതിയത്‌ രണ്ടാമതൊന്നു വായിക്കാന്‍ പോലും മിനക്കെടാതെ ഇത്തരം ഗീര്‍വാണങ്ങള്‍ എഴുന്നള്ളിക്കുന്നത്‌ മതിയാക്കണമെന്നു വിനയത്തോടെ പറയട്ടെ.
പഴയ സി പി എം കാരന്റെ പുതിയ ഏങ്ങലടി
പഴയ സി പി എമ്മുകാരൊക്കെ പുതിയ ഉള്‍വെളിച്ചം നേടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ത്രസിപ്പിക്കുന്ന ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങളുമൊക്കെ ഏറ്റുപറയുന്ന ഒരു പ്രത്യേക സാഹിത്യശാഖ തന്നെ കേരളത്തിലിന്നു വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌. അവക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ നല്ല ഡിമാന്‍ഡുമാണ്‌. ഏതാനും വര്‍ഷം മുമ്പുവരെ താനൊരു സി പി എം മെമ്പറായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ഏറെക്കാലം സി പി എം മെമ്പറായി പ്രവര്‍ത്തിച്ച നീലകണ്‌ഠന്‌ `പൊയ്‌മുഖങ്ങളെ തിരിച്ചറിയാന്‍' ഒരു ജനകീയാസൂത്രണം വരേണ്ടിവന്നു. സി പി എമ്മില്‍ ഈയടുത്ത കാലത്ത്‌ എത്തിച്ചേര്‍ന്ന കെ ടി കുഞ്ഞിക്കണ്ണനോട്‌ ദീര്‍ഘകാലം ആ പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ കനപ്പെട്ട ചോദ്യം അച്ചടിച്ചുവന്നിട്ടുണ്ട്‌: `സി പി എം അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണെന്നറിഞ്ഞിട്ടും ഇപ്പോഴതിനൊപ്പം ചേര്‍ന്നതിനു പിന്നിലെ ലക്ഷ്യം ഒരു നിയമസഭാ സീറ്റെങ്കിലും നേട'ലല്ലേ എന്നതാണത്‌. നീലകണ്‌ഠന്‍ സി പി എമ്മില്‍ നിന്നിറങ്ങി, കെ ടി കുഞ്ഞിക്കണ്ണന്‍ സി പി എമ്മിനോടു ചേര്‍ന്നു - അതിലൊന്നു മാത്രം `നേടാനുള്ള ലക്ഷ്യ' മാകുന്നതെങ്ങനെയെന്ന്‌ മനസ്സിലാകുന്നില്ല.
വി എസ്‌ ഇപ്പോഴും ധീരനാണെന്ന്‌ മാതൃഭൂമി വാരികയിലും (2009 ഡിസം. 20), ആഗോള മൂലധനത്തിനു രാജ്യത്തിന്റെ ആസ്‌തി വില്‍ക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച്‌ ഗള്‍ഫ്‌ രിസാലയിലും (2009 ജൂണ്‍ 1) സി ആര്‍ നീലകണ്‌ഠന്‍ എഴുതിയ ലേഖനങ്ങള്‍ `യഥാര്‍ഥ' ഇടതുപക്ഷത്തിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പാണല്ലോ സൂചിപ്പിക്കുന്നത്‌. കേരള രാഷ്‌ട്രീയത്തില്‍ ഇടതു നിലപാടിന്‌ മേല്‍ക്കൈ വേണമെന്ന്‌ ഇന്നും വിശ്വസിക്കുന്നുവെന്നും പക്ഷേ അത്‌ എല്‍ ഡി എഫ്‌ അല്ലെന്നും മറുപടി ലേഖനങ്ങളില്‍ ആണയിട്ടു പറഞ്ഞ സ്ഥിതിക്ക്‌ ഭാവിയില്‍ (കുറഞ്ഞപക്ഷം പിണറായി വിജയന്റെ കാലശേഷമെങ്കിലും) അദ്ദേഹം നിലപാട്‌ വീണ്ടും മാറ്റുമെന്നു നമുക്ക്‌ കാത്തിരിക്കാം.
വ്യക്തിമികവും അധിക്ഷേപവും
അഞ്ചു ലക്കങ്ങളായി വന്ന ലേഖനങ്ങളില്‍ പലേടങ്ങളിലും നീലകണ്‌ഠന്‍ അദ്ദേഹത്തിന്റെ വ്യക്തി മികവ്‌ അഭിമാനപൂര്‍വം അടയാളപ്പെടുത്തിയിട്ടുണ്ട്‌. `എല്ലാ വിഭാഗം അണികളോടും സംസാരിക്കാന്‍ കഴിയുന്ന ഭാഷ' കൈവശമുള്ളയാളാണെന്നും `സ്വന്തം അധ്വാനത്തിന്റെ കൂലികൊണ്ട്‌ സമരങ്ങളുടെ ശരിയായ വര്‍ഗരാഷ്‌ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്ന' ആളാണെന്നും `സാധാരണ ട്രെയിനിലും ബസ്സിലും സഞ്ചരിക്കുന്ന' ആളാണെന്നും `പാര്‍ട്ടി കണ്ണില്‍ക്കൂടെയല്ലാതെ കാണാന്‍ കഴിയുന്ന' ആളാണെന്നും - തുടങ്ങി അനേകം സവിശേഷതകള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്‌. അതിനെയൊക്കെ മാനിക്കുന്നു. നീലകണ്‌ഠന്‍ ഇങ്ങനെയൊക്കെയാണെന്നു മുമ്പുതന്നെ എനിക്കറിയാവുന്നതുമാണ്‌. അദ്ദേഹത്തില്‍നിന്നുതന്നെ അത്‌ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടുതാനും. ഈ ഗുണവിശേഷങ്ങള്‍ ഉള്ള അപൂര്‍വ ജന്മങ്ങള്‍ എനിക്കറിയാവുന്നവര്‍തന്നെ നൂറുകണക്കിനുണ്ട്‌. അതില്‍ പുതുമയൊന്നുമില്ല. പക്ഷെ, യോജിക്കാന്‍ കഴിയാത്ത മറ്റനേകം പ്രയോഗങ്ങള്‍ ലേഖനത്തിലാകെ പരന്നു കിടക്കുന്നു. `രാജ്യത്തിനു മഹാനായ ശാസ്‌ത്രജ്ഞനെ നഷ്‌ടപ്പെട്ടു എന്നു പറഞ്ഞത്‌ ഞാനല്ല, പ്രതാപിനോളം ആണവശാസ്‌ത്രത്തില്‍ ജ്ഞാനിയല്ലായിരുന്ന ഡോ. രാജാ രാമണ്ണയാണിത്‌ പറഞ്ഞത്‌' എന്നദ്ദേഹത്തിന്റെ ലേഖനത്തിനൊടുവില്‍ പറഞ്ഞിരിക്കുന്നു. പരിഹാസത്തിന്റെ ഭാഷ കൈവശമില്ലാത്തയാളില്‍ നിന്നും അങ്ങനെയൊന്നു വരാനിടയില്ലല്ലോ. പ്രതാപിനെ അപഹസിക്കുന്നതും മഹാശാസ്‌ത്രജ്ഞനായ രാജാ രാമണ്ണയെ പ്രകീര്‍ത്തിക്കുന്നതും ഒരു വാചകത്തില്‍ തന്നെ നിര്‍വഹിക്കാന്‍ കാണിച്ച സാഹസം കടന്ന കൈ ആയിപ്പോയി എന്നുമാത്രം ഉണര്‍ത്തിക്കട്ടെ.
ഒമ്പതു ഖണ്ഡികകളടങ്ങിയ ഒന്നര പേജുള്ള ഒരു പ്രതികരണത്തിന്‌ അഞ്ചുദിവസം നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന ഒരു ഉടന്‍ പ്രതികരണത്തിലൂടെ മറുപടി കിട്ടിയത്‌ അഭിമാനമായി കരുതുന്നു. കുംഭകര്‍ണനെപ്പോലെ (ബൗദ്ധികമായി) ഉറങ്ങിക്കിടക്കുന്ന ഒരു കൊടിയേറ്റം ഗോപിയുടെ സന്ദേഹങ്ങളെ അര്‍ഹിക്കുന്നതിലധികം പ്രാധാന്യത്തോടെ പരിഗണിച്ചതിനു പ്രത്യേകം നന്ദിപറയുന്നു. മറ്റാര്‍ക്കും വേണ്ടാത്ത നീലകണ്‌ഠന്റെ യഥാര്‍ഥ വിശ്വരൂപം തേടിയുള്ള അന്വേഷണങ്ങള്‍ നിര്‍ത്താതെ തുടരാനുള്ള ആത്മവിശ്വാസം പകര്‍ന്നുതന്ന ലേഖന പരമ്പരക്ക്‌ ഒരിക്കല്‍കൂടി ഭാവുകങ്ങള്‍.
അവസാന മൊഴി:
വി കെ പ്രതാപിനുള്ള മറുപടിയില്‍ നാല്‍പതോളം പ്രാവശ്യം ആ പേര്‌ ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. കുറേക്കൂടി ഒതുക്കമുള്ള ഭാഷ ലേഖനത്തിലെങ്കിലും സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ അപേക്ഷ. എഴുത്തിലെങ്കിലും അങ്ങയെ മാതൃകയാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവരെ വഴിതെറ്റിക്കരുതല്ലോ.
(അവസാനിച്ചു)
സംവാദത്തിന്റെ അപാര(യ) സാധ്യതകള്‍
പ്രതാപ്‌ വി കെ
(2010 ജനുവരി 17 - സിറാജ്‌ ദിനപത്രം)

കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായ സി ആര്‍ നീലകണ്‌ഠന്റെ വിചിത്രമായ നിലപാടു മാറ്റങ്ങളെ അനാവരണം ചെയ്യാന്‍ ശ്രമിച്ച്‌ ഞാന്‍ എഴുതിയ ഒരു ലേഖനം `അഹോ മഹത്തരം നീലകണ്‌ഠ മാഹാത്മ്യം' സിറാജില്‍ (2009 ഒക്‌ടോബര്‍ 28) പ്രസിദ്ധീകരിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായി തുടര്‍ച്ചയായി അഞ്ചു ദിവസങ്ങളില്‍ (നവം. 12 - 16) സിറാജില്‍ത്തന്നെ `പിണറായിസ്റ്റുകള്‍ക്ക്‌ സ്‌നേഹപൂര്‍വം' എന്ന പേരില്‍ ലേഖന പരമ്പര അദ്ദേഹം എഴുതുകയുണ്ടായി. എന്റെ ശ്രമം ലക്ഷ്യം കണ്ടെന്ന്‌ അദ്ദേഹത്തിന്റെ മറുപടി പരമ്പര വിളിച്ചോതുന്നു.
ആരോടൊക്കെയോ ഉള്ള അദ്ദേഹത്തിന്റെ പ്രതികാരവും പ്രതിഷേധവും എന്റെ പിടലിക്കു വെച്ചുകെട്ടിയതെന്തിനെന്നു മനസ്സിലാവുന്നില്ല. പിണറായി വിജയനെതിരെ സിറാജില്‍ സി ആര്‍ നീലകണ്‌ഠന്‍ എഴുതിയ ലേഖന പരമ്പരയോട്‌ കെ ടി കുഞ്ഞിക്കണ്ണന്‍ നടത്തിയ പ്രതികരണം വായിച്ച്‌ അദ്ദേഹത്തിനു സ്ഥലജലഭ്രമമുണ്ടായെന്നു വേണം മനസ്സിലാക്കാന്‍. എന്റെ പ്രതികരണത്തോടു മറുപടി പറയുന്നതിനു കെ ടി കുഞ്ഞിക്കണ്ണനൊപ്പം ചേര്‍ത്തു പിണറായിസ്റ്റ്‌ എന്ന പൊതു സ്റ്റിക്കറൊട്ടിച്ച്‌ പൊതിരെ അവഹേളിച്ചിരിക്കുന്നു. ഇത്‌ മാന്യമായ എഴുത്തുരീതിയല്ലെന്നുമാത്രം പറഞ്ഞുവെക്കട്ടെ. അറിയപ്പെടുന്ന കോളമിസ്റ്റും ആക്‌ടിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്‌ഠന്‍ പല വിഷയങ്ങളെയും മുന്‍പിന്‍ ചിന്തയില്ലാതെ ഇതേ രീതിയില്‍ത്തന്നെയല്ലേ സമീപിച്ചതെന്ന പുതിയ സന്ദേഹങ്ങള്‍ ഉയര്‍ത്തിവിട്ടതിനു പ്രത്യേകം നന്ദി.
2000ല്‍ പരിചയപ്പെട്ട സി ആര്‍ നീലകണ്‌ഠനു 2009ല്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കാതെ വിമര്‍ശമെഴുതിയെന്നതാണ്‌ എന്നില്‍ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. ആ കുറ്റം ഏറ്റെടുക്കുന്നു. ഇടക്കിടെ നിലപാടുകള്‍ മാറ്റുമെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ആ അഞ്ചു ലക്കവും വായിച്ചുകഴിഞ്ഞപ്പോഴാണ്‌ വിശ്വാസം വന്നത്‌.
ഒട്ടേറെ ആരോപണങ്ങളടങ്ങിയ ഭാണ്ഡക്കെട്ടാണ്‌ മറുപടി ലേഖനത്തില്‍ അദ്ദേഹം വലിച്ചു പുറത്തിട്ടത്‌. സി പി എമ്മിനെയും ശാസ്‌ത്രസാഹിത്യ പരിഷത്തിനെയും ജനകീയാസൂത്രണത്തെയും സ്‌ത്രീ സ്വാശ്രയസംഘങ്ങളെയും അധിക്ഷേപിക്കുന്നതിനും വിമര്‍ശിക്കുന്നതിനും ലോപം കാട്ടിയിട്ടില്ല. താനാര്‍ക്കും മാതൃകയല്ലാത്തതുകൊണ്ടു പിണറായി വിജയനെയെന്നല്ല, സൂര്യനു കീഴിലെ ആര്‍ക്കെതിരെയും എന്തും പറയാന്‍ ലൈസന്‍സുണ്ടെന്ന്‌ പ്രഖ്യാപിച്ച നീലകണ്‌ഠന്‍, തന്നെ വിമര്‍ശിക്കുന്നവരെ കൊന്നു കൊലവിളിക്കാന്‍ പിന്നാലെയോടുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഉത്തരമാവശ്യപ്പെട്ട അനേകം ചോദ്യങ്ങള്‍ പ്രതികരണ ലേഖനത്തില്‍ ഉന്നയിച്ചിരുന്നു. അവക്കു മുഴുവന്‍ ഉത്തരം നല്‍കേണ്ട ഉത്തരവാദിത്വം എനിക്കില്ല. എങ്കിലും പ്രതികരിക്കേണ്ടത്‌ അത്യാവശ്യമായ ചില വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനാണിവിടെ ശ്രമിക്കുന്നത്‌.
പരിഷത്തിനെതിരെ
`ഒരാളെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ തുനിയുമ്പോള്‍ ഇപ്പോള്‍ അയാളുടെ അഭിപ്രായങ്ങളെന്തെന്ന്‌ അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുകയാണ്‌ മര്യാദ' എന്ന്‌ പ്രഖ്യാപിച്ച നീലകണ്‌ഠനില്‍ നിന്ന്‌ ആ മര്യാദ തിരികെ പ്രതീക്ഷിക്കേണ്ടതില്ലെന്ന യാഥാര്‍ഥ്യം അത്ഭുതാവഹം തന്നെ. 2000-ല്‍ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രവര്‍ത്തകനായിരുന്നു ഞാനെന്നതിനാല്‍ ആ ഓര്‍മ വെച്ച്‌ എന്നെ ശരിപ്പെടുത്താന്‍ പരിഷത്തിനെതിരെ എഴുതി നിറച്ചിരിക്കുകയാണ്‌ മറുപടി ലേഖനത്തില്‍. എന്റെ ലേഖനത്തിലൊരിടത്തും പരിഷത്ത്‌ നിലപാടുകളെ പിന്തുണക്കാനോ പരിഷത്ത്‌ നേതാക്കളെ മഹത്വവത്‌കരിക്കാനോ ചെറിയ ശ്രമം പോലും നടത്തിയിട്ടില്ലെന്നിരിക്കെ `പ്രതാപിന്റെ പരിഹാസഭാഷ പരിഷത്തുകാരുടെ അടുത്തു മതി' എന്നൊക്കെയുള്ള ശരാശരി നിലവാരം പോലും പുലര്‍ത്താത്ത വിമര്‍ശന രീതി ആര്‍ക്കും ഭൂഷണമല്ല എന്നു വിനയപൂര്‍വം അറിയിക്കട്ടെ. `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം നീലകണ്‌ഠന്‍ അംഗീകരിച്ചേ മതിയാകൂ എന്ന വാശി പരിഷത്തുകാര്‍ പോലും കാണിക്കുമെന്നു തോന്നുന്നില്ല. ശാസ്‌ത്രവും സാങ്കേതികതയും മൂല്യനിരപേക്ഷമാണെന്നും ഇതുസംബന്ധിച്ചുള്ള പരിഷത്ത്‌ നിലപാടുകള്‍ മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധമാണെന്നും നീലകണ്‌ഠന്‍ നിലപാടെടുക്കുന്നതിനു ഞാനെന്തു വേണം? ആര്‍ വി ജി മേനോനും പരിഷത്തും നല്‍കേണ്ട മറുപടി അവരില്‍നിന്നു തന്നെ തേടുന്നതായിരിക്കും ബുദ്ധി.
ജനകീയാസൂത്രണത്തോടുള്ള എതിര്‍പ്പ്‌
കേരള സമൂഹത്തിലെ യഥാര്‍ഥ സാമൂഹിക പ്രശ്‌നങ്ങളെ ജനകീയാസൂത്രണ പദ്ധതി അഭിമുഖീകരിക്കുന്നില്ലെന്നു വൈകി മനസ്സിലാക്കി അതില്‍നിന്ന്‌ പിന്‍വാങ്ങുകയായിരുന്നു താനെന്ന്‌ നീലകണ്‌ഠന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഈ വാദമുന്നയിച്ച കെ വേണുവിനെപ്പോലുള്ളവരുടെ നിരയിലേക്കു വൈകിയാണെങ്കിലും നീലകണ്‌ഠന്‍ എത്തിച്ചേര്‍ന്നതില്‍ സന്തോഷം.
ജനകീയാസൂത്രണത്തെ എതിര്‍ത്തവര്‍ ഏറെയുണ്ട്‌ നമ്മുടെ നാട്ടില്‍. ഓരോരുത്തര്‍ക്കും അവരവരുടെതായ കാരണങ്ങളുമുണ്ട്‌. പക്ഷേ നീലകണ്‌ഠന്‍ പറയുന്ന കാരണങ്ങള്‍ അംഗീകരിച്ചുതരുന്നതിന്‌ ചില്ലറ വിഷമങ്ങളുണ്ട്‌. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മറ്റും 1997ലെ കണക്കുകള്‍പോലും ഇതുവരെ ഓഡിറ്റിംഗിനു വിധേയമാക്കിയിട്ടില്ലെന്നു ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു ഇദ്ദേഹം! സര്‍ക്കാര്‍ ഓഡിറ്റിംഗ്‌ പോലും നടക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരിക്കുന്നു. അതാത്‌ ഭരണസമിതികളും ജനപ്രതിനിധികളും മറുപടി പറയേണ്ട ഗൗരവപ്പെട്ട ആരോപണമാണ്‌ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ നീലകണ്‌ഠന്‍ ഉന്നയിച്ചിരിക്കുന്നത്‌. രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ എല്ലാം വീതിച്ചെടുക്കുകയാണെന്നും ഗുണഭോക്തൃ സമിതികള്‍ മുഴുവന്‍ രൂപവത്‌കരിച്ചിരിക്കുന്നത്‌ ബിനാമികളും നോമിനികളും ചേര്‍ന്നാണെന്നുമുള്ള കണ്ടുപിടിത്തവും നീലകണ്‌ഠന്‍ നടത്തിയിരിക്കുന്നു. അദ്ദേഹത്തിനു പരിചയമുള്ള ഏതെങ്കിലും പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ ഇങ്ങനെയൊക്കെ നടക്കുന്നുവെങ്കില്‍ അതില്‍ പ്രതിസ്ഥാനത്തിരിക്കേണ്ടത്‌ ജനകീയാസൂത്രണ പദ്ധതിയല്ല. ആ പ്രദേശത്തെ നാട്ടുകാരും അവരെ നയിക്കുന്ന പ്രാദേശിക നേതാക്കളുമാണ്‌. സ്വന്തം അനുഭവത്തില്‍ ഇങ്ങനെയൊന്നുമല്ല എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ സാമാന്യവത്‌കരിക്കേണ്ടതില്ല.
ജനകീയാസൂത്രണത്തെ ആക്ഷേപിക്കുന്നതിന്‌ ഇ എം എസിനെയും വലിച്ചിഴച്ചിട്ടുണ്ട്‌. `ഒന്നുമറിയാത്ത ഇ എം എസിനെ ജനകീയാസൂത്രണത്തില്‍ കുടുക്കുകയായിരുന്നു' എന്ന്‌ എം പി പരമേശ്വരന്‍ പറഞ്ഞതായി നീലകണ്‌ഠന്‍ വെളിപ്പെടുത്തിയിരിക്കുന്നു. പാവമാം ഇ എം എസിനെ ബുദ്ധിരാക്ഷസനായ എം പി പരമേശ്വരന്‍ തെറ്റിദ്ധരിപ്പിച്ചു ജനകീയാസൂത്രണത്തില്‍ തളക്കുകയായിരുന്നുവെന്ന്‌ വ്യംഗ്യം. ഇ എം എസിനെയും എം പി പരമേശ്വരനെയും നല്ലപോലെ അനുഭവിച്ച കേരള ജനതക്ക്‌ ഇത്തരം വെളിപ്പെടുത്തലുകളുടെ ആന്തരാര്‍ഥം പിടികിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
`ജനകീയാസൂത്രണം അഴിമതിയെ വികേന്ദ്രീകരിച്ചുവെന്ന കാര്യം ഇന്നു പ്രതാപിനും ബോധ്യപ്പെട്ടിരിക്കുമല്ലോ' എന്ന പരിഹാസമുണ്ട്‌ ലേഖനത്തില്‍. ഇല്ല, എനിക്കങ്ങനെയൊരു ബോധ്യപ്പെടലും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ നിലപാടുകളെ ഹൈജാക്ക്‌ ചെയ്‌തു താന്‍ പറയുന്നതാണ്‌ ശരിയെന്ന്‌ സ്ഥാപിക്കാന്‍ നീലകണ്‌ഠനുള്ള കഴിവ്‌ മുമ്പേതന്നെ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ അത്‌ അനുഭവിപ്പിച്ചതിനും പ്രത്യേകം നന്ദി.
ദളിത്‌ പ്രശ്‌നങ്ങളോടുള്ള നിലപാട്‌
`ദളിതരുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള പഠനം നടത്തിയപ്പോഴാണ്‌ എന്റെ നിലപാടുകളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നത്‌' എന്നു നീലകണ്‌ഠന്‍ പറഞ്ഞത്‌ വായിച്ച്‌ ഏറെ സന്തോഷം. വൈകിയെങ്കിലും ദളിതരെപ്പറ്റി പഠിക്കാനും പുതുക്കിയ നിലപാടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. പഠിക്കാതെയും മനസ്സിലാക്കാതെയും നിലപാടെടുക്കുന്നവര്‍ക്കു പുതിയ `തിരിച്ചറിവിന്‌' ഇതൊരു പാഠമാകട്ടെ.
ദളിതര്‍ കാലാകാലമായി അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും അവര്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന നമ്മുടെ സമൂഹം ഇപ്പോഴും നല്‍കുന്നില്ലെന്നതും നീലകണ്‌ഠന്റെ മാത്രം അഭിപ്രായമല്ല. അതുകൊണ്ടുകൂടി തന്നെയാണ്‌ സമരം ചെയ്യുന്നത്‌ സി കെ ജാനുവായാലും ളാഹാ ഗോപാലനായാലും എ കെ എസായാലും വലിയ തോതില്‍ ജനപിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന വി എസ്‌ സര്‍ക്കാര്‍ മുമ്പില്ലാത്ത തോതില്‍ ആദിവാസികള്‍ക്കു ഭൂമിവിതരണത്തിനും പട്ടയം നല്‍കുന്നതിനും തയ്യാറാകുമ്പോള്‍ അതിനെ പിന്തുണക്കുകയല്ലേ വേണ്ടത്‌? അതു ചെയ്യാതെ `ഈ സര്‍ക്കാര്‍ പോകുന്നതുവരെ ഒരു തുണ്ട്‌ ഭൂമിയും ആര്‍ക്കും കൊടുക്കാന്‍ പോകുന്നില്ല' എന്ന്‌ ശപിക്കുന്നതിന്റെ യുക്തിയെന്താണ്‌?
മുത്തങ്ങ സമരത്തിനുശേഷം സി പി എം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയതും ചെങ്ങറക്കുശേഷം ചരിത്രത്തിലാദ്യമായി ഒരു പട്ടികജാതി സമ്മേളനം വിളിച്ചുചേര്‍ത്തതും ലേഖനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. എങ്കില്‍ അതൊരു നല്ല സൂചനയല്ലേ? അതിനെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നീലകണ്‌ഠന്‍ എന്തിനു മടിച്ചുനില്‍ക്കുന്നു?
`ളാഹാ ഗോപാലനെന്ന ദളിത്‌ നേതാവിനെ പ്രതാപിന്‌ പുച്ഛമാണ്‌' എന്ന പ്രയോഗംകൊണ്ട്‌ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. അനുയായികളുടെ കഴുത്തില്‍ കയറുകെട്ടി മരത്തില്‍ കെട്ടിയിട്ട്‌, കയ്യില്‍ മണ്ണെണ്ണപ്പാത്രവും കൊടുത്തു സമരത്തിനിറക്കിയ ളാഹാ ഗോപാലന്റെ സമരമാതൃക മഹത്തരമാണെന്ന്‌ സി ആര്‍ നീലകണ്‌ഠന്‍ കരുതുന്നുണ്ടാകം. അത്തരം സമരമാതൃകകളെ തള്ളിപ്പറയുന്നവരുടെ കൂട്ടത്തിലൊരാളാവാനാണ്‌ എനിക്ക്‌ താത്‌പര്യം. ആദിവാസികളുടെ പേരില്‍ സമരം നയിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ആദിവാസികള്‍ക്കും ദളിതര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്‌ ഇപ്പോഴത്തെ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ മാതൃകയാണെന്നും ദളിത്‌ പരിസ്ഥിതി പ്രവര്‍ത്തകനായ ഒ കെ ജോണി പറഞ്ഞ കാര്യം നീലകണ്‌ഠന്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതല്ല, ഒ കെ ജോണിയേയും അദ്ദേഹം പിണറായിസ്റ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞോ ആവോ?
(തുടരും)