സംവാദത്തിന്റെ അപാര(യ) സാധ്യതകള്‍
പ്രതാപ് വി കെ
(2010 ജനുവരി 17 - സിറാജ് ദിനപത്രം)
കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായ സി ആര്‍ നീലകണ്‌ഠന്റെ വിചിത്രമായ നിലപാടു മാറ്റങ്ങളെ അനാവരണം ചെയ്യാന്‍ ശ്രമിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനം `അഹോ മഹത്തരം നീലകണ്‌ഠ മാഹാത്മ്യം' സിറാജില്‍ (2009 ഒക്‌ടോബര്‍ 28) പ്രസിദ്ധീകരിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായി തുടര്‍ച്ചയായി അഞ്ചു ദിവസങ്ങളില്‍ (നവം. 12 - 16) സിറാജില്‍ത്തന്നെ `പിണറായിസ്റ്റുകള്‍ക്ക് സ്‌നേഹപൂര്‍വം' എന്ന പേരില്‍ ലേഖന പരമ്പര അദ്ദേഹം എഴുതുകയുണ്ടായി. എന്റെ ശ്രമം ലക്ഷ്യം കണ്ടെന്ന് അദ്ദേഹത്തിന്റെ മറുപടി പരമ്പര വിളിച്ചോതുന്നു.
ആരോടൊക്കെയോ ഉള്ള അദ്ദേഹത്തിന്റെ പ്രതികാരവും പ്രതിഷേധവും എന്റെ പിടലിക്കു വെച്ചുകെട്ടിയതെന്തിനെന്നു മനസ്സിലാവുന്നില്ല. പിണറായി വിജയനെതിരെ സിറാജില്‍ സി ആര്‍ നീലകണ്‌ഠന്‍ എഴുതിയ ലേഖന പരമ്പരയോട് കെ ടി കുഞ്ഞിക്കണ്ണന്‍ നടത്തിയ പ്രതികരണം വായിച്ച് അദ്ദേഹത്തിനു സ്ഥലജലഭ്രമമുണ്ടായെന്നു വേണം മനസ്സിലാക്കാന്‍. എന്റെ പ്രതികരണത്തോടു മറുപടി പറയുന്നതിനു കെ ടി കുഞ്ഞിക്കണ്ണനൊപ്പം ചേര്‍ത്തു പിണറായിസ്റ്റ് എന്ന പൊതു സ്റ്റിക്കറൊട്ടിച്ച് പൊതിരെ അവഹേളിച്ചിരിക്കുന്നു. ഇത് മാന്യമായ എഴുത്തുരീതിയല്ലെന്നുമാത്രം പറഞ്ഞുവെക്കട്ടെ. അറിയപ്പെടുന്ന കോളമിസ്റ്റും ആക്‌ടിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്‌ഠന്‍ പല വിഷയങ്ങളെയും മുന്‍പിന്‍ ചിന്തയില്ലാതെ ഇതേ രീതിയില്‍ത്തന്നെയല്ലേ സമീപിച്ചതെന്ന പുതിയ സന്ദേഹങ്ങള്‍ ഉയര്‍ത്തിവിട്ടതിനു പ്രത്യേകം നന്ദി.
2000ല്‍ പരിചയപ്പെട്ട സി ആര്‍ നീലകണ്‌ഠനു 2009ല്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കാതെ വിമര്‍ശമെഴുതിയെന്നതാണ് എന്നില്‍ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. ആ കുറ്റം ഏറ്റെടുക്കുന്നു. ഇടക്കിടെ നിലപാടുകള്‍ മാറ്റുമെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ആ അഞ്ചു ലക്കവും വായിച്ചുകഴിഞ്ഞപ്പോഴാണ് വിശ്വാസം വന്നത്.
ഒട്ടേറെ ആരോപണങ്ങളടങ്ങിയ ഭാണ്ഡക്കെട്ടാണ് മറുപടി ലേഖനത്തില്‍ അദ്ദേഹം വലിച്ചു പുറത്തിട്ടത്. സി പി എമ്മിനെയും ശാസ്‌ത്രസാഹിത്യ പരിഷത്തിനെയും ജനകീയാസൂത്രണത്തെയും സ്‌ത്രീ സ്വാശ്രയസംഘങ്ങളെയും അധിക്ഷേപിക്കുന്നതിനും വിമര്‍ശിക്കുന്നതിനും ലോപം കാട്ടിയിട്ടില്ല. താനാര്‍ക്കും മാതൃകയല്ലാത്തതുകൊണ്ടു പിണറായി വിജയനെയെന്നല്ല, സൂര്യനു കീഴിലെ ആര്‍ക്കെതിരെയും എന്തും പറയാന്‍ ലൈസന്‍സുണ്ടെന്ന് പ്രഖ്യാപിച്ച നീലകണ്‌ഠന്‍, തന്നെ വിമര്‍ശിക്കുന്നവരെ കൊന്നു കൊലവിളിക്കാന്‍ പിന്നാലെയോടുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഉത്തരമാവശ്യപ്പെട്ട അനേകം ചോദ്യങ്ങള്‍ പ്രതികരണ ലേഖനത്തില്‍ ഉന്നയിച്ചിരുന്നു. അവക്കു മുഴുവന്‍ ഉത്തരം നല്‍കേണ്ട ഉത്തരവാദിത്വം എനിക്കില്ല. എങ്കിലും പ്രതികരിക്കേണ്ടത് അത്യാവശ്യമായ ചില വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനാണിവിടെ ശ്രമിക്കുന്നത്.
പരിഷത്തിനെതിരെ
`ഒരാളെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ തുനിയുമ്പോള്‍ ഇപ്പോള്‍ അയാളുടെ അഭിപ്രായങ്ങളെന്തെന്ന് അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുകയാണ് മര്യാദ' എന്ന് പ്രഖ്യാപിച്ച നീലകണ്‌ഠനില്‍ നിന്ന് ആ മര്യാദ തിരികെ പ്രതീക്ഷിക്കേണ്ടതില്ലെന്ന യാഥാര്‍ഥ്യം അത്ഭുതാവഹം തന്നെ. 2000-ല്‍ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രവര്‍ത്തകനായിരുന്നു ഞാനെന്നതിനാല്‍ ആ ഓര്‍മ വെച്ച് എന്നെ ശരിപ്പെടുത്താന്‍ പരിഷത്തിനെതിരെ എഴുതി നിറച്ചിരിക്കുകയാണ് മറുപടി ലേഖനത്തില്‍. എന്റെ ലേഖനത്തിലൊരിടത്തും പരിഷത്ത് നിലപാടുകളെ പിന്തുണക്കാനോ പരിഷത്ത് നേതാക്കളെ മഹത്വവത്‌കരിക്കാനോ ചെറിയ ശ്രമം പോലും നടത്തിയിട്ടില്ലെന്നിരിക്കെ `പ്രതാപിന്റെ പരിഹാസഭാഷ പരിഷത്തുകാരുടെ അടുത്തു മതി' എന്നൊക്കെയുള്ള ശരാശരി നിലവാരം പോലും പുലര്‍ത്താത്ത വിമര്‍ശന രീതി ആര്‍ക്കും ഭൂഷണമല്ല എന്നു വിനയപൂര്‍വം അറിയിക്കട്ടെ. `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം നീലകണ്‌ഠന്‍ അംഗീകരിച്ചേ മതിയാകൂ എന്ന വാശി പരിഷത്തുകാര്‍ പോലും കാണിക്കുമെന്നു തോന്നുന്നില്ല. ശാസ്‌ത്രവും സാങ്കേതികതയും മൂല്യനിരപേക്ഷമാണെന്നും ഇതുസംബന്ധിച്ചുള്ള പരിഷത്ത് നിലപാടുകള്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്നും നീലകണ്‌ഠന്‍ നിലപാടെടുക്കുന്നതിനു ഞാനെന്തു വേണം? ആര്‍ വി ജി മേനോനും പരിഷത്തും നല്‍കേണ്ട മറുപടി അവരില്‍നിന്നു തന്നെ തേടുന്നതായിരിക്കും ബുദ്ധി.
ജനകീയാസൂത്രണത്തോടുള്ള എതിര്‍പ്പ്
കേരള സമൂഹത്തിലെ യഥാര്‍ഥ സാമൂഹിക പ്രശ്‌നങ്ങളെ ജനകീയാസൂത്രണ പദ്ധതി അഭിമുഖീകരിക്കുന്നില്ലെന്നു വൈകി മനസ്സിലാക്കി അതില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു താനെന്ന് നീലകണ്‌ഠന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഈ വാദമുന്നയിച്ച കെ വേണുവിനെപ്പോലുള്ളവരുടെ നിരയിലേക്കു വൈകിയാണെങ്കിലും നീലകണ്‌ഠന്‍ എത്തിച്ചേര്‍ന്നതില്‍ സന്തോഷം.
ജനകീയാസൂത്രണത്തെ എതിര്‍ത്തവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. ഓരോരുത്തര്‍ക്കും അവരവരുടെതായ കാരണങ്ങളുമുണ്ട്. പക്ഷേ നീലകണ്‌ഠന്‍ പറയുന്ന കാരണങ്ങള്‍ അംഗീകരിച്ചുതരുന്നതിന് ചില്ലറ വിഷമങ്ങളുണ്ട്. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മറ്റും 1997ലെ കണക്കുകള്‍പോലും ഇതുവരെ ഓഡിറ്റിംഗിനു വിധേയമാക്കിയിട്ടില്ലെന്നു ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു ഇദ്ദേഹം! സര്‍ക്കാര്‍ ഓഡിറ്റിംഗ് പോലും നടക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരിക്കുന്നു. അതാത് ഭരണസമിതികളും ജനപ്രതിനിധികളും മറുപടി പറയേണ്ട ഗൗരവപ്പെട്ട ആരോപണമാണ് മുന്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ നീലകണ്‌ഠന്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം വീതിച്ചെടുക്കുകയാണെന്നും ഗുണഭോക്തൃ സമിതികള്‍ മുഴുവന്‍ രൂപവത്‌കരിച്ചിരിക്കുന്നത് ബിനാമികളും നോമിനികളും ചേര്‍ന്നാണെന്നുമുള്ള കണ്ടുപിടിത്തവും നീലകണ്‌ഠന്‍ നടത്തിയിരിക്കുന്നു. അദ്ദേഹത്തിനു പരിചയമുള്ള ഏതെങ്കിലും പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ ഇങ്ങനെയൊക്കെ നടക്കുന്നുവെങ്കില്‍ അതില്‍ പ്രതിസ്ഥാനത്തിരിക്കേണ്ടത് ജനകീയാസൂത്രണ പദ്ധതിയല്ല. ആ പ്രദേശത്തെ നാട്ടുകാരും അവരെ നയിക്കുന്ന പ്രാദേശിക നേതാക്കളുമാണ്. സ്വന്തം അനുഭവത്തില്‍ ഇങ്ങനെയൊന്നുമല്ല എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ സാമാന്യവത്‌കരിക്കേണ്ടതില്ല.
ജനകീയാസൂത്രണത്തെ ആക്ഷേപിക്കുന്നതിന് ഇ എം എസിനെയും വലിച്ചിഴച്ചിട്ടുണ്ട്. `ഒന്നുമറിയാത്ത ഇ എം എസിനെ ജനകീയാസൂത്രണത്തില്‍ കുടുക്കുകയായിരുന്നു' എന്ന് എം പി പരമേശ്വരന്‍ പറഞ്ഞതായി നീലകണ്‌ഠന്‍ വെളിപ്പെടുത്തിയിരിക്കുന്നു. പാവമാം ഇ എം എസിനെ ബുദ്ധിരാക്ഷസനായ എം പി പരമേശ്വരന്‍ തെറ്റിദ്ധരിപ്പിച്ചു ജനകീയാസൂത്രണത്തില്‍ തളക്കുകയായിരുന്നുവെന്ന് വ്യംഗ്യം. ഇ എം എസിനെയും എം പി പരമേശ്വരനെയും നല്ലപോലെ അനുഭവിച്ച കേരള ജനതക്ക് ഇത്തരം വെളിപ്പെടുത്തലുകളുടെ ആന്തരാര്‍ഥം പിടികിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
`ജനകീയാസൂത്രണം അഴിമതിയെ വികേന്ദ്രീകരിച്ചുവെന്ന കാര്യം ഇന്നു പ്രതാപിനും ബോധ്യപ്പെട്ടിരിക്കുമല്ലോ' എന്ന പരിഹാസമുണ്ട് ലേഖനത്തില്‍. ഇല്ല, എനിക്കങ്ങനെയൊരു ബോധ്യപ്പെടലും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ നിലപാടുകളെ ഹൈജാക്ക് ചെയ്‌തു താന്‍ പറയുന്നതാണ് ശരിയെന്ന് സ്ഥാപിക്കാന്‍ നീലകണ്‌ഠനുള്ള കഴിവ് മുമ്പേതന്നെ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ അത് അനുഭവിപ്പിച്ചതിനും പ്രത്യേകം നന്ദി.
ദളിത് പ്രശ്‌നങ്ങളോടുള്ള നിലപാട്
`ദളിതരുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള പഠനം നടത്തിയപ്പോഴാണ് എന്റെ നിലപാടുകളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നത്' എന്നു നീലകണ്‌ഠന്‍ പറഞ്ഞത് വായിച്ച് ഏറെ സന്തോഷം. വൈകിയെങ്കിലും ദളിതരെപ്പറ്റി പഠിക്കാനും പുതുക്കിയ നിലപാടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. പഠിക്കാതെയും മനസ്സിലാക്കാതെയും നിലപാടെടുക്കുന്നവര്‍ക്കു പുതിയ `തിരിച്ചറിവിന്' ഇതൊരു പാഠമാകട്ടെ.
ദളിതര്‍ കാലാകാലമായി അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നമ്മുടെ സമൂഹം ഇപ്പോഴും നല്‍കുന്നില്ലെന്നതും നീലകണ്‌ഠന്റെ മാത്രം അഭിപ്രായമല്ല. അതുകൊണ്ടുകൂടി തന്നെയാണ് സമരം ചെയ്യുന്നത് സി കെ ജാനുവായാലും ളാഹാ ഗോപാലനായാലും എ കെ എസായാലും വലിയ തോതില്‍ ജനപിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന വി എസ് സര്‍ക്കാര്‍ മുമ്പില്ലാത്ത തോതില്‍ ആദിവാസികള്‍ക്കു ഭൂമിവിതരണത്തിനും പട്ടയം നല്‍കുന്നതിനും തയ്യാറാകുമ്പോള്‍ അതിനെ പിന്തുണക്കുകയല്ലേ വേണ്ടത്? അതു ചെയ്യാതെ `ഈ സര്‍ക്കാര്‍ പോകുന്നതുവരെ ഒരു തുണ്ട് ഭൂമിയും ആര്‍ക്കും കൊടുക്കാന്‍ പോകുന്നില്ല' എന്ന് ശപിക്കുന്നതിന്റെ യുക്തിയെന്താണ്?
മുത്തങ്ങ സമരത്തിനുശേഷം സി പി എം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയതും ചെങ്ങറക്കുശേഷം ചരിത്രത്തിലാദ്യമായി ഒരു പട്ടികജാതി സമ്മേളനം വിളിച്ചുചേര്‍ത്തതും ലേഖനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. എങ്കില്‍ അതൊരു നല്ല സൂചനയല്ലേ? അതിനെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നീലകണ്‌ഠന്‍ എന്തിനു മടിച്ചുനില്‍ക്കുന്നു?
`ളാഹാ ഗോപാലനെന്ന ദളിത് നേതാവിനെ പ്രതാപിന് പുച്ഛമാണ്' എന്ന പ്രയോഗംകൊണ്ട് എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. അനുയായികളുടെ കഴുത്തില്‍ കയറുകെട്ടി മരത്തില്‍ കെട്ടിയിട്ട്, കയ്യില്‍ മണ്ണെണ്ണപ്പാത്രവും കൊടുത്തു സമരത്തിനിറക്കിയ ളാഹാ ഗോപാലന്റെ സമരമാതൃക മഹത്തരമാണെന്ന് സി ആര്‍ നീലകണ്‌ഠന്‍ കരുതുന്നുണ്ടാകം. അത്തരം സമരമാതൃകകളെ തള്ളിപ്പറയുന്നവരുടെ കൂട്ടത്തിലൊരാളാവാനാണ് എനിക്ക് താത്‌പര്യം. ആദിവാസികളുടെ പേരില്‍ സമരം നയിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ആദിവാസികള്‍ക്കും ദളിതര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ മാതൃകയാണെന്നും ദളിത് പരിസ്ഥിതി പ്രവര്‍ത്തകനായ ഒ കെ ജോണി പറഞ്ഞ കാര്യം നീലകണ്‌ഠന്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതല്ല, ഒ കെ ജോണിയേയും അദ്ദേഹം പിണറായിസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞോ ആവോ?
(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇതില്‍പ്പറയുന്ന ഒ.കെ. ജോണി ആരാണ്? ദളിത-പരിസ്ഥിതി പ്രവര്‍ത്തകനായ ഒരു ഒ.കെ. ജോണിയെപ്പറ്റി കേട്ടിട്ടില്ലാത്തതിനാലും ഞാനും ഒരു ഒ.കെ. ജോണി ആകയാലും എനിയ്ക്കീ കുറിപ്പില്‍ പറയുന്ന സംഗതികളുമായി യാതൊരു ബന്ധവുമില്ലെന്നതിനാലുമാണ് ഈ കത്ത്. എന്നുമല്ല, ഒ.കെ. ജോണി എന്ന പേരില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി അവിടവിടെ ചിലതെല്ലാം എഴുതിയിട്ടുള്ളതിനാല്‍ ഏതെങ്കിലുമൊരു പരിചയക്കാരന്‍ അത് ഞാനാണെന്ന് തെറ്റിദ്ധരിക്കുമോ എന്ന പേടിയുമുണ്ട്. ഒ.കെ. ജോണി, ഡോക്യുമെന്ററി സംവിധായകന്‍, ചലച്ചിത്ര നിരൂപകന്‍.
മറുപടിഇല്ലാതാക്കൂ